പനമരം∙ കനത്ത ചൂടിൽ മണ്ണ് പൊള്ളുന്നു മണ്ണിരകൾ ചത്തൊടുങ്ങുന്നു. മഴ മാറിയതിനു പിന്നാലെയുള്ള കനത്ത ചൂടിലാണ് ജില്ലയിൽ ഇക്കുറിയും മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. തുടർച്ചയായ വർഷങ്ങളിൽ മണ്ണിരകൾ പിടഞ്ഞുചാകുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. പ്രളയ ശേഷം രണ്ടു വർഷം മുൻപു വരെ കാലവർഷത്തിന് ശേഷമുണ്ടായ വേനലിൽ മണ്ണിരകൾ വ്യാപകമായി ചത്തിരുന്നു. പിന്നീട് ഈ വർഷമാണ് ജില്ലയിൽ പനമരം, പൂതാടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ 4 ദിവസമായി മണ്ണിരകൾ മണ്ണിന് പുറത്തെത്തി ചാകുന്നത് കർഷകരുടെ ശ്രദ്ധയിൽ പെട്ടത്. ആദ്യ ദിനങ്ങളിൽ ഒന്നും രണ്ടുമായി ചത്തു തുടങ്ങിയ മണ്ണിരകളുടെ എണ്ണം ദിവസം കഴിയുംതോറും പെരുകുകയാണ്. ആരോഗ്യമുള്ള മണ്ണിരകളാണ് ചാകുന്നതിൽ കൂടുതലെന്ന് കർഷകർ പറയുന്നു. റോഡുകളിലും വീട്ടുമുറ്റത്തുമാണ് മണ്ണിരകൾ കൂട്ടത്തോടെ ചത്തുവീഴുന്നത്.
മണ്ണിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം മൂലം മണ്ണിര സുരക്ഷിത സ്ഥാനം തേടി കുടിയേറ്റം നടത്തുമ്പോഴാണ് മണ്ണിരകളുടെ കൂട്ടമരണങ്ങളുണ്ടാകുന്നത് എന്ന് 2 വർഷം മുൻപ് എംജി സർവകലാശാലയിലെ സീനിയർ റിസർച് അസോഷ്യേറ്റ് ഡോ. പ്രശാന്ത് നാരായണൻ പറഞ്ഞിരുന്നു. മണ്ണ് ചുട്ടുപൊള്ളുന്നതാണ് മണ്ണിര ചാകുന്നതിനു കാരണമെന്ന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സ്ഥിരീകരിച്ചിരുന്നു. മണ്ണിരകൾ ചത്തൊടുങ്ങുന്നത് കൊടുംവരൾച്ചയുടെ സൂചനയാണെന്ന് കർഷകർ പറയുന്നു. 2 വർഷം മുൻപ് മണ്ണിരകൾ ചത്തൊടുങ്ങുന്ന സ്ഥലങ്ങളിൽനിന്നു ശേഖരിച്ച മണ്ണ്, ജൈവഘടകങ്ങളാലും പോഷകഗുണങ്ങളാലും സമ്പുഷ്ടമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെ ചൂടുതന്നെയാണ് മണ്ണിരകളെ കൊന്നതെന്ന നിഗമനത്തിൽ കൃഷിശാസ്ത്രജ്ഞരും എത്തിയിരുന്നു.
ചൂടിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് ഡക്കാൻ പീഠഭൂമി പ്രദേശത്തെ മണ്ണിന്റെ സവിശേഷതയാണ്. ഇതിന്റെ ഭാഗമായി മണ്ണ് വിണ്ടുകീറും. മേൽ മണ്ണിന്റെ ഈർപ്പം നഷ്ടപ്പെടുമ്പോൾ തണുപ്പുതേടി മണ്ണിനടിയിലേക്കു നീങ്ങുകയാണ് മണ്ണിരകളുടെ പതിവ്. ഇതിന് വിപരീതമായി മുകളിലേക്ക് വരുമ്പോഴാണ് കൊടുംചൂടേറ്റ് ചത്തൊടുങ്ങുന്നത്. 10 മുതൽ 30 സെന്റിമീറ്റർ വരെ താഴ്ചയിലാണ് മണ്ണിരകളുടെ വാസം.15 മുതൽ 28 ഡിഗ്രി ചൂടിൽ വരയെ മണ്ണിരകൾക്ക് വസിക്കാൻ സാധിക്കുകയുള്ളൂ. ഇതിലധികം ചൂട് കൂടിയതാണ് മണ്ണിര പുറത്ത് വരാനും ചാകുന്നതിനും മറ്റൊരു കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ മണ്ണിരകൾ ചാകുന്നതിൽ ആശങ്കപ്പെടാനില്ലെന്ന് കൃഷി വിദഗ്ധന്മാർ പറയുന്നു.








