ഓറഞ്ച് കഴിച്ച ശേഷം തൊലി നേരെ ചവറ്റുകുട്ടയിലേക്ക് ഇടുന്നവരാണോ? എങ്കിൽ ഇനി അത് മാറ്റിവെക്കാം. അടുക്കളയിലും വീട്ടിലും ഫ്രഷ് സിട്രസ് മണം പരത്താൻ ഓറഞ്ചിന്റെ തൊലി തന്നെ ഉപയോഗിക്കാം.
ഓറഞ്ചിന്റെ തൊലി വെള്ളത്തിൽ ഇട്ട് ഏകദേശം 10 മിനിറ്റ് ചെറുതീയിൽ തിളപ്പിച്ചാൽ അതിലെ സ്വാഭാവിക സിട്രസ് ഓയിലുകളുടെ സുഗന്ധം നീരാവിയിലൂടെ ചുറ്റുപാടിലേക്ക് പടരും. പാചകത്തിന്റെയും മറ്റും മണം കുറയ്ക്കാനും വീടിന് ഫ്രഷ് ഗന്ധം നൽകാനും ഇത് സഹായിക്കും.
സുഗന്ധത്തിന് കൂടുതൽ വാം ടച്ച് വേണമെങ്കിൽ ഓറഞ്ച് തൊലിയോടൊപ്പം കറുവപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി എന്നിവയും ചേർക്കാം. ചേരുവകൾ വെള്ളത്തിലിട്ട് ചെറുതീയിൽ തിളപ്പിച്ചാൽ മതി.
എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം പൂർണമായി വറ്റിപ്പോകാതെ ഇടയ്ക്കിടെ പരിശോധിക്കുക. ചൂടാക്കി വെച്ച മിശ്രിതം ഒരിക്കലും ശ്രദ്ധയില്ലാതെ വിട്ടുപോകരുത്.
അടുത്ത തവണ ഓറഞ്ച് കഴിക്കുമ്പോൾ തൊലി കളയുന്നതിന് മുമ്പ് ഈ വിദ്യയൊന്ന് പരീക്ഷിച്ചുനോക്കു.








