തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ദ് പാരഡൈസ്. പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്ത് പൂർത്തിയാക്കിയ ചിത്രമാണിതെന്ന് നാനി പറഞ്ഞു. നീണ്ട മുടിയുണ്ടായിരുന്നതു കൊണ്ട് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ താനേറെ ബുദ്ധിമുട്ടിയെന്നും നാനി കൂട്ടിച്ചേർത്തു.
ദ് പാരഡൈസ് ആദ്യം പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്ത് പൂർത്തിയാക്കിയ ചിത്രമാണ്. ചിത്രത്തിലൂടെ പറയാൻ ആഗ്രഹിച്ച കാര്യങ്ങളെല്ലാം കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും സമയം പാലിക്കുന്നതിൽ അൽപ്പം വീഴ്ച സംഭവിച്ചു. ‘ദസറ’യിലും ‘ദ് പാരഡൈസി’ലും തെലങ്കാന പശ്ചാത്തലം ആധികാരികമായി അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.
ആക്ഷൻ രംഗങ്ങളും കുറച്ച് സങ്കീർണത നിറഞ്ഞതായിരുന്നു. നീണ്ട മുടിയൊക്കെ വച്ച് ആക്ഷൻ ചെയ്യുക എന്ന് പറയുന്നതും ബുദ്ധിമുട്ടാണ്. എനിക്കും സാംപൂ തുടങ്ങി നിരവധി പേർക്ക് ആക്ഷൻ ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റു. എല്ലാവരും ചിത്രത്തിനായി അവരുടെ കഴിവിന്റെ പരമാവധി നൽകിയിട്ടുണ്ട്, അത് പ്രേക്ഷകർക്ക് കാണാനാകും.- നാനി പറഞ്ഞു.
സെപ്റ്റംബർ 24നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രണ്ട് തവണ റിലീസ് തീയതി മാറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിൽ ഇനിയൊരു കാലതാമസം ഉണ്ടാകില്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു. മനോഹരമായ ഒരു അമ്മ- മകൻ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും നാനി വ്യക്തമാക്കി. വയലൻസിനേക്കാൾ അതിന് പിന്നിലെ വികാരമാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുകയെന്നും നാനി പറഞ്ഞു.
‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് എസ്എൽവി സിനിമാസ് ബാനറിൽ ഈ ചിത്രവും നിർമിക്കുന്നത്. നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾക്ക് നേരത്തെ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. തന്റെ കരിയറിലെ ശാരീരികമായും മാനസികമായും ഏറ്റവും അലട്ടിയ ചിത്രമാണെന്നും നാനി വ്യക്തമാക്കി. ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുക. ഛായാഗ്രഹണം: സി എച്ച് സായ്. എഡിറ്റിംഗ്: നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല ഓഡിയോ: സരിഗമ മ്യൂസിക് മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ പിആർഒ: ശബരി.








