സ്കൂളിൽനിന്ന് കൊഴിഞ്ഞുപോയത് 22 പേർ; പലർക്കും സ്കൂളിനെക്കാൾ ഇഷ്ടം ഫോണിൽ നോക്കിയിരിക്കൽ

Spread the love

കോട്ടയം ∙ ഉയർന്ന പഠന സാഹചര്യങ്ങൾ ഉണ്ടായിട്ടും മൊബൈൽ ഫോൺ അടിമത്തം കാരണം ജില്ലയിൽ സ്കൂളിൽപ്പോകാതെ ഇരുന്നവർ 4 പേർ! പഠനം മുടങ്ങിയവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സീറോ ഡ്രോപ് ഔട്ട് മിഷൻ പദ്ധതി ‘കൂടെ’ വഴിയാണ് ഇവരെ കണ്ടെത്തിയത്. സ്കൂളിലേക്ക് എത്താൻ തയാറാകാത്ത വിദ്യാർഥികളുടെ വിലാസത്തിൽ വിദ്യാഭ്യാസ ഓഫിസർമാർ, പിടിഎ, ജനപ്രതിനിധികൾ തുടങ്ങിയവർ നടത്തിയ അന്വേഷണത്തിലാണ് ഫോൺ അഡിക്‌ഷനാണ് വിദ്യാർഥികൾ സ്കൂളിൽ വരാത്തതിനു കാരണമെന്ന് അറിഞ്ഞത്. ഏതു സമയവും ഫോണിൽ ഗെയിംകളിയുമായി മുറിക്കുള്ളിൽ ഇരിക്കുന്ന കുട്ടികളോടു മാതാപിതാക്കൾക്ക് എതിർത്തുപറയാനും മടിയായിരുന്നു. ഫോൺ വാങ്ങിവച്ചപ്പോൾ ദേഷ്യപ്പെടുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

കുടുംബാംഗങ്ങൾ ഫോൺ അഡിക്‌ഷൻ മാറ്റാൻ പല മാർഗങ്ങൾ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയത്താണ് വിദ്യാഭ്യാസ വകുപ്പിൽനിന്നു വീടുകളിൽ അന്വേഷിച്ച് എത്തിയത്. ഏറെ നേരം സമയമെടുത്ത് കൗൺസലിങ് നൽകിയപ്പോഴാണ് സ്കൂളിൽ വരാമെന്ന് വിദ്യാർഥികൾ സമ്മതിച്ചത്. കഴിഞ്ഞ ദിവസം ഈ കുട്ടികൾ സ്കൂളിൽ വരാൻ തുടങ്ങി. ഫോൺ അഡിക്‌ഷൻ കാരണം വിദ്യാർഥികൾ സ്കൂളിൽ വരാതെയിരിക്കുന്ന സംഭവം ജില്ലയിൽ ആദ്യമായാണു റിപ്പോർട്ട് ചെയ്തതെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

 

എരുമേലി പഞ്ചായത്ത് പരിധിയിലുള്ള പത്താം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെത്തിക്കാനാണ് അധികൃതർ ഒരു വീട്ടിലെത്തിയത്. ഗതാഗത സൗകര്യം തീരെ കുറഞ്ഞ വന്യമൃഗങ്ങളുടെ ശല്യമുള്ള സ്ഥലത്താണ് വിദ്യാർഥിനിയുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. പിതാവ് മദ്യപനാണ്. കുടുംബം നോക്കില്ല. അമ്മയ്ക്ക് ആധാർ കാർഡും റേഷൻ കാർഡുമില്ല. എസ്‌സി വിഭാഗത്തിൽ പെട്ടവരാണെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. വിദ്യാർഥിനിയോട് അധികൃതർ സംസാരിച്ചപ്പോൾ സ്കൂളിൽ പോവാൻ ഇഷ്ടമില്ലെന്നു പറഞ്ഞു. വിദ്യാർഥിനി തന്നിലേക്കു മാത്രം ഒതുങ്ങുന്ന അവസ്ഥയിലാണെന്നു മനസ്സിലായി. ഇതിൽനിന്നു പുറത്തു കൊണ്ടുവരാൻ കൗൺസലിങ് നൽകണമെന്ന് വിദ്യാഭ്യാസവകുപ്പ് ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

പഞ്ചായത്ത് അധികൃതർ കുടുംബത്തിന് രേഖകൾ നൽകണമെന്നും സ്കൂളിന് അടുത്തുള്ള ഒരിടത്ത് വാടകവീട് കണ്ടെത്താൻ ഇടപെടണമെന്നും വിദ്യാഭ്യാസവകുപ്പിന്റെ ആവശ്യമുണ്ട്. കുട്ടിക്കും കുടുംബത്തിനും മാനസികവും സാമൂഹികവുമായ പിന്തുണ നൽകിയെങ്കിലേ വിദ്യാർഥിനിയുടെ സഹോദരങ്ങൾക്കും വിദ്യാഭ്യാസം തുടരാനാകൂ. വിദ്യാർഥിനി കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിത്തുടങ്ങി.

 

സ്കൂളിൽ വരാതിരിക്കുന്ന ഒന്ന് മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ വീടുകളിൽ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും സ്കൂൾ അധികൃതരും വാർഡ് മെംബറും വിവരങ്ങൾ ശേഖരിക്കുന്നതാണു കൂടെ പദ്ധതി വഴി ചെയ്യുന്നത്. 2026-27 അധ്യയന വർഷം ജില്ലയിലെ സ്കൂളുകളിൽനിന്നു 22 കുട്ടികൾ കൊഴിഞ്ഞുപോയെന്നാണ് ജില്ലാ–ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളുടെ റിപ്പോർട്ട്. ഇതിൽ 13 കുട്ടികൾ അതിഥിത്തൊഴിലാളികളുടെ മക്കളാണ്. 13 പേരിൽ ഒരാളൊഴികെ മറ്റാരും തിരിച്ചെത്തിയിട്ടില്ല. 9 വിദ്യാർഥികളുടെ വിവരങ്ങൾ പരിശോധിച്ചതിൽ 7 പേരുടെ വീടുകളിൽ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിരുന്നു. ബാക്കി 2 കുട്ടികളിൽ ഒരാളുടെ താമസം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല. മറ്റൊരാൾ നിലവിൽ ഹോസ്റ്റലിൽ തങ്ങി പഠിക്കുകയാണെന്നും വിവരമുണ്ട്. ഈ കുട്ടിക്ക് 18 വയസ്സ് പൂർത്തിയായി.

  • Related Posts

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

    Spread the love

    Spread the loveകൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ്…

    Leave a Reply

    Your email address will not be published. Required fields are marked *