മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹാരോപണം; ആന്റോ ഒന്നാം പ്രതി

Spread the love

തിരുവനന്തപുരം∙ മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ആന്റോയ്ക്കും അജ്ഞാതരായ രണ്ടു പേർക്കുമെതിരെയാണ് സൈബർ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാജു പി.നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

 

ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം. കർണാടകയിലെ ബൈന്ദൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്നാണ് ആന്റോ പറഞ്ഞത്. വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണു വന്നതെന്നും ആധികാരികത ബോധ്യപ്പെടാത്തതിനെ തുടർന്ന് വാർത്ത കൊടുക്കേണ്ട എന്നു തീരുമാനിച്ചുവെന്നും ആന്റോ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജു പി.നായർ പൊലീസിൽ പരാതി നൽകിയത്.

 

മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ആന്റോ പൊതുപരിപാടിയിൽ ഇക്കാര്യം പറഞ്ഞതെന്ന് എഫ്‌ഐആറിൽ പറയുന്നു. കോടികൾ വിലവരുന്ന വാർത്തയുണ്ടെന്നു പറഞ്ഞാണ് രണ്ടും മൂന്നും പ്രതികൾ ആന്റോയെ സമീപിച്ചത്. നിലവിലുള്ള വിവാഹം പ്രാബല്യത്തിലിരിക്കെ മറ്റൊരു സ്ത്രീയുമായുള്ള വിവാഹം ചട്ടപ്രകാരമുള്ള 30 ദിവസത്തെ നോട്ടിസ് നൽകി 2012 ഒക്‌ടോബർ 17ന് റജിസ്റ്റർ ചെയ്തുവെന്നും ഇവർ പറഞ്ഞു. ബൈന്ദുർ സബ് റജിസ്ട്രാർ ഓഫിസിൽനിന്നുള്ള വിവാഹ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ചട്ടപ്രകാരമുള്ള നോട്ടിസിന്റെയും പകർപ്പ് ഇവർ ആന്റോയ്ക്കു കൈമാറി. അത് ഇപ്പോഴും ആന്റോയുടെ കയ്യിലുണ്ട്. വ്യാജരേഖയാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇതു സൂക്ഷിച്ചതെന്നും മൂന്നു പ്രതികളും ഗൂഢാലോചന നടത്തി മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചുവെന്നതാണ് കുറ്റമെന്നും എഫ്‌ഐആറിൽ പറയുന്നു.

 

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്ത യുവാക്കളെ കണ്ടെത്തി ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് രാജു പി.നായർ ഡിജിപിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമവുമാണ് നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാക്കളെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് ഡിജിപിയുടെ നിർദേശപ്രകാരമാണ് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണ കേസെടുക്കാൻ ആവശ്യപ്പെട്ട് പരാതി സിറ്റി സൈബർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് നൽകിയത്. വ്യാജരേഖയുമായി എത്തിയ യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു പൊലീസ് അറിയിച്ചു.

  • Related Posts

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

    Spread the love

    Spread the loveകൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ്…

    Leave a Reply

    Your email address will not be published. Required fields are marked *