ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

Spread the love

ന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡാണ് ഹരജി നിരസിച്ചത്. ഇക്കാര്യം ഒഡീഷ സർക്കാർ ഇന്ന് സുപ്രിംകോടതിയെ അറിയിച്ചു.

 

ഹരജി തള്ളിയ സാഹചര്യത്തിൽ സുപ്രിംകോടതി കേസ് മൂന്നാഴ്ചത്തേക്ക് മാറ്റി. ജയിൽ മോചന ഹരജി തള്ളിയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജിയിൽ ആവശ്യമായ ഭേദഗതി വരുത്താൻ ദാരാ സിങ്ങിന് കോടതി അനുമതി നൽകി. ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

 

1999 ജനുവരി 22-23 രാത്രിയിലാണ് ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിൽ ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും തിമോത്തിയും വാഹനത്തിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ആക്രമിക്കപ്പെട്ടത്. മൂന്നുപേരെയും കാറിലിട്ട് പെട്രോളൊഴിച്ച് ചുട്ടുകൊല്ലുകയായിരുന്നു. കേസിൽ 2003ൽ വിചാരണക്കോടതി ദാരാ സിങ്ങിന് വധശിക്ഷ വിധിച്ചു. 2005ൽ ഒഡീഷ ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 2011ൽ സുപ്രിംകോടതി ഇത് ശരിവെച്ചു.

 

25 വർഷത്തിലേറെ ജയിൽവാസം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഒഡീഷയുടെ നിലവിലെ ശിക്ഷാ ഇളവ് നയപ്രകാരം മോചനം പരിഗണിക്കണമെന്നായിരുന്നു ദാരാ സിങ്ങിന്റെ ആവശ്യം. 2024ലാണ് ഇയാൾ സുപ്രിംകോടതിയെ സമീപിച്ചത്. കുറ്റം ചെയ്തത് യുവത്വത്തിലെ ക്ഷോഭത്തിലായിരുന്നുവെന്നും ഇപ്പോൾ പശ്ചാത്തപിക്കുന്നുവെന്നും ഹരജിയിൽ അവകാശപ്പെട്ടിരുന്നു.

 

ഹരജിയിൽ തീരുമാനം എടുക്കുന്നത് ഒഡീഷ സർക്കാർ പലതവണ വൈകിപ്പിച്ചതിനെ സുപ്രിംകോടതി നേരത്തെ വിമർശിച്ചിരുന്നു. സെപ്റ്റംബർ എട്ടിന് നടന്ന വാദത്തിനിടെ തീരുമാനം വൈകിയാൽ സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് സെപ്റ്റംബർ 17ന് മുമ്പ് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു.

 

സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡ് ആഗസ്റ്റ് 31ന് ചേർന്ന് ഹരജി നിരസിക്കുകയായിരുന്നു. ദാരാ സിങ്ങിന്റെ മോചനം സാമൂഹിക പ്രത്യാഘാതങ്ങൾക്കും സാമുദായിക സംഘർഷത്തിനും ഇടയാക്കാൻ സാധ്യതയുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ ബോർഡ് പരിഗണിച്ചതായി റിപ്പോർട്ടുകളുണ്ട്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    Leave a Reply

    Your email address will not be published. Required fields are marked *