നാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രൺധാവെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചീഫ് ഓഫീസർ ധീരജ് ഭാംരെയുടെ മേശപ്പുറത്തേക്കാണ് നായ്ക്കളെ തുറന്നുവിട്ടത്. പ്രതിഷേധത്തിന്റെ ഭാഗമായി മേശയിൽ നോട്ടുമാലയും സ്ഥാപിച്ചു.
നിഫാഡിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം വർധിച്ചതായും ഇതുമൂലം കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ, വാഹനയാത്രക്കാർ എന്നിവർ ബുദ്ധിമുട്ടുകൾ നേരിടുന്നതായും പ്രതിഷേധക്കാർ ആരോപിച്ചു. നിരവധിപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്നും അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക, നായ്ക്കളെ പിടിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു. ഗണേശോത്സവം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ തെരുവുനായ്ക്കളുടെ സാന്നിധ്യം ജനങ്ങളിൽ ഭയം സൃഷ്ടിക്കുന്നതായും അവർ ആരോപിച്ചു.
പ്രശ്‌നം പരിഹരിക്കാതെ അധികൃതർ ടെണ്ടർ നടപടികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണ് വിക്രം രൺധാവെയുടെ ആരോപണം. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ വീണ്ടും സമാനമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.






