മയാമി∙ 15 വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിൽ സൈക്കോളജിസ്റ്റ് മരിയ ഡുവാർട്ടെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. സഹായിക്കാമെന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയെ മരിയ വഞ്ചിച്ചത്.
2024 ഓഗസ്റ്റിൽ ഫ്ലോറിഡയിലെ മയാമിയിലുള്ള അലോഫ്റ്റ് ഹോട്ടലിന് സമീപം നായയുമായി നടക്കുന്നതിനിടെയാണ് മരിയ ഡുവാർട്ടെ പെൺകുട്ടിയെ പരിചയപ്പെടുന്നത്. വീട്ടിലെ പ്രശ്നങ്ങൾ കാരണം മാനസികമായി ബുദ്ധിമുട്ടിലായിരുന്നു പെൺകുട്ടി, സൈക്കോളജിസ്റ്റായ മരിയ തന്നെ ആത്മാർഥമായി സഹായിക്കുമെന്ന് വിശ്വസിച്ചു.ഈ വിശ്വാസം മുതലെടുത്ത് കൗമാരക്കാരിയെ സ്വാധീനിച്ച് മരിയ വിവിധ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു. ഇതിൽ മരിയുടെ കാമുകൻ ജേസൺ മൊജിക്കയും ഉൾപ്പെട്ടിരുന്നു.
പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ലഹരിമരുന്ന് ഉപയോഗിക്കാനും മരിയ അവസരമൊരുക്കിയെന്നാണ് ആരോപണം. സൈക്കോളജിയിലെ അറിവ് മരിയ ഇതിനായി ദുരുപയോഗം ചെയ്തു. കേസിൽ പ്രതിയായിരുന്ന ജേസൺ മൊജിക്ക പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി കുറ്റസമ്മതം നടത്തി. മരിയക്കെതിരെ ജേസൺ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
മനുഷ്യക്കടത്ത് നടത്തിയെന്ന പ്രോസിക്യൂഷന്റെ പ്രധാന ആരോപണം ജൂറി അംഗീകരിച്ചില്ല. ഈ കുറ്റത്തിൽ മരിയയെ കുറ്റവിമുക്തയാക്കി. പെൺകുട്ടിയുടെ മുന്നിൽവച്ച് ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെട്ടതും മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പെൺകുട്ടിയെ പ്രോത്സാഹിപ്പിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ജൂറി മരിയയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.
വിചാരണയിലുടനീളം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മരിയ വാദിച്ചു. വിചാരണ കാത്തിരിക്കെ വീട്ടുതടങ്കലിലായിരുന്ന മരിയയെ വിധിക്കു പിന്നാലെ ജയിലിലേക്ക് മാറ്റാൻ ജഡ്ജി എലൻ സൂ വെൻസർ ഉത്തരവിട്ടു. ജനുവരിയിൽ ശിക്ഷ വിധിക്കുന്നതുവരെ അവർ ജയിലിൽ തുടരും. പരമാവധി 15 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.







