ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാനൊപ്പം വില്ലനായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് വിജയ് സേതുപതി. ആറ്റ്‌ലി ഒരുക്കിയ ജവാനിലാണ് സേതുപതി ഷാരൂഖ് ഖാന്റെ വില്ലനായത്. 2023 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കിടുകയാണ് വിജയ് സേതുപതി.
കഴിഞ്ഞ ദിവസം നടന്നൊരു പൊതുപരിപാടിയിലാണ് വിജയ് സേതുപതി ഓര്‍മ പങ്കിട്ടത്. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുമ്പോള്‍ തനിക്ക് ശരിക്കും ദേഷ്യം ഉണ്ടായിരുന്നുവെന്നാണ് സേതുപതി പറയുന്നത്. അതിന് കാരണം വിജയ് സേതുപതിയുടെ കോളേജ് പ്രണയമായിരുന്നു.
”ജീവിതത്തില്‍ നടക്കുന്ന ചില കാര്യങ്ങള്‍ വല്ലാത്ത അത്ഭുതങ്ങളായിരിക്കും. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. സേട്ട് പെണ്‍കുട്ടിയായിരുന്നു. ഞാനിത് ജവാന്‍ ഓഡിയോ ലോഞ്ചിലും പറഞ്ഞിരുന്നു. അവള്‍ക്ക് ഷാരൂഖ് ഖാനെ വളരെ ഇഷ്ടമായിരുന്നു. നമ്മുടെ ആള്‍ക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് അറിയുമ്പോള്‍ പ്രതികാരം ചെയ്യണമെന്ന് തോന്നുമല്ലോ ആ പ്രായത്തിലൊക്കെ. അങ്ങനെ ഒരുനാള്‍ ഇയാളോട് പ്രതികാരം ചെയ്യണമെന്ന് കരുതിയിരുന്നു” വിജയ് സേതുപതി പറയുന്നു.







