മലപ്പുറം: നിലമ്പൂർ ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൂക്കോട്ടുംപാടം കോട്ടപ്പുഴയിലാണ് സംഭവം. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറിലാണ് ദുരന്തമുണ്ടായത്. അപകടത്തിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു.
നിരവധി സന്ദർശകർ ഉണ്ടായിരുന്ന സമയത്ത് പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ചയായതിനാൽ നിരവധി പേരാണ് ഇവിടം കാണാനും പുഴയിൽ കുളിക്കാനുമെല്ലാമായി എത്തിയിരുന്നത്.
പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നൽകിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
മരിച്ചവരിൽ ഒരാളുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ട് നിന്നും രണ്ടാമത്തെയാളുടേത് ആന്റണിക്കാട് അയനിക്കുണ്ട് ഭാഗത്തു നിന്നുമാണ് കണ്ടെത്തിയത്. പാറക്കെട്ടുകളിൽ ഇടിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.
കരുവാരകുണ്ട് സ്വദേശി റഹീം (35), മാങ്ങാടൻ ബസ് ഉടമായ കോട്ടക്കൽ മാങ്ങാടൻ അനസ് (27), കൂടെയുള്ള പ്രായമായ ഒരാൾ, വണ്ടൂർ സ്വദേശി സജാദ് (23), വണ്ടൂർ ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ. കോളനി വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിത എന്നിവരെയാണ് കാണാതായത്.
ചേക്കാട് സ്വദേശികളായ ആറംഗ സംഘത്തിൽ രണ്ടു പേർ നീന്തി രക്ഷപ്പെടുകയും പുഴയിൽ കുടുങ്ങിയ നാലുപേരെ നാട്ടുകാർ രക്ഷപ്പെടുതുകയും ചെയ്തു.
പുറ്റമണ്ണ ഞാറകണ്ടൻ നൗഷാദ് (37), കരുവാരക്കുണ്ട് പുന്നക്കാട് തച്ചുപറമ്പൻ ഷബീർ ബാബു (40), വണ്ടൂർ എലിയക്കോടൻ മുഹമ്മദ് സദുറുൽ (21), കോട്ടക്കുന്ന് കുപ്പനത്ത് ഫർഹാൻ (23), വണ്ടൂർ ചെട്ടിയറമ്മൽ ചാലാർ മിർദ്ദ (39), പുളിയങ്ങോട് നെല്ലിശേരി ഫിറോസ് (43) എന്നിവർ അത്ഭുതകരമായി രക്ഷപെട്ടു.
നിലമ്പൂർ ഡിവൈഎസ്പി റഫീഖിന്റെ നേതൃത്വത്തിൽ കാളികാവ്, പൂക്കോട്ടുംപാടം പോലീസ് സബ് ഇൻസ്‌പെക്ടർ വി. മനോജ് കുമാർ, അബ്ദുൾ കരീം എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും ചക്കിക്കുഴി വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ദിവാകരനുണ്ണിയും സംഘവും നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി. രാത്രി വൈകിയും തിരിച്ചിൽ തുടരുകയാണ്.







