പത്തനംതിട്ട ∙ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സ്റേ മാറി നൽകിയതിൽ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. റേഡിയോളജി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതോടെയാണ് നടപടി. എക്സ്റേ കൃത്യമായി പരിശോധിക്കാതെ മരുന്നു നൽകിയ ഡോക്ടർക്ക് താക്കീതും നൽകി. നടപടി ഒരാളിൽ ഒതുങ്ങില്ലെന്നും കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ആരോഗ്യമന്ത്രി ഇടപ്പെട്ടതോടെയാണ് അവധിയിലായിരുന്ന സൂപ്രണ്ട് ഇന്നലെ തിരിച്ചെത്തി അന്തിമ റിപ്പോർട്ട് തയാറാക്കിയത്.
ഈ മാസം 14 നാണ് പതിനാറുകാരി പിതാവിനൊപ്പം ശ്വാസംമുട്ടലിനു ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഡോക്ടർ എക്സ്റേ എടുക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽനിന്ന് എക്സ്റേ എടുത്തപ്പോൾ 86 കാരിക്കെടുത്ത എക്സ‌്റേ ഫിലിമാണ് റേഡിയോളജിസ്റ്റ് മാറി നൽകിയത്. നട്ടെല്ലിനു വളവുള്ള രോഗിയുടെ എക്സ്റേ ആയിരുന്നു അത്. ഇതിൽ രോഗിയുടെ പേരും വയസ്സും എഴുതിട്ടുണ്ടായിരുന്നു. എന്നാൽ ഫിലിം പരിശോധിച്ച ഡോക്ടർ പെൺകുട്ടിക്ക് മരുന്നു കുറിച്ചുനൽകി. ശ്വാസതടസത്തിനും വേദനയ്ക്കുമുള്ള മരുന്നാണു നൽകിയത്.







