ബിഹാർ∙ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ചിട്ടു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച നന്ദൻ യാദവിനാണ് വെടിയേറ്റത്. കേസിൽ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്.
പട്നയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ജാമുയിയിൽ സെപ്റ്റംബർ 19നാണ് പത്താം ക്ലാസ് വിദ്യാർഥിനിയും സുഹൃത്തായ ആൺകുട്ടിയും അതിക്രമത്തിനിരയായത്. വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്ന ഇവരെ പ്രതികൾ തടഞ്ഞു നിർത്തുകയായിരുന്നു.
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇരകളായ കുട്ടികൾ പരാതി നൽകിയിരുന്നില്ല. വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്. വിഡിയോയിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളുടെ കൂട്ടത്തിലുള്ള ഒരാളാണ് വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.







