പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷ

Spread the love

അശ്രദ്ധ മൂലം എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന അപകടമാണ് പൊള്ളൽ. പൊള്ളലേറ്റ ഉടൻ തന്നെ നൽകുന്ന ശരിയായ പ്രഥമശുശ്രൂഷ മുറിവിന്റെ ആഴം കുറയ്ക്കാനും തടിപ്പുകളും പാടുകളും വരാതിരിക്കാനും സഹായിക്കും. എന്നാൽ നമ്മൾ പലപ്പോഴും ചെയ്യുന്ന രീതി ശരിയാണോ. പൊള്ളലേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്.

 

പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത്

പൈപ്പിലെ സാധാരണ തണുപ്പുള്ള വെള്ളം 10 മുതൽ 20 മിനിറ്റ് വരെ പൊള്ളലേറ്റ ഭാഗം വയ്ക്കുന്നതാണ് പ്രധാന പ്രഥമശുശ്രൂഷ. ഇത് ചൂട് കുറയ്ക്കാനും വേദനയും വീക്കവും കുറയ്ക്കാനും സഹായിക്കും.

 

പൊള്ളലേറ്റ ഭാഗത്തിന് സമീപം മോതിരം, വാച്ച്, വള തുടങ്ങിയവ ഇറുകിയ വസ്ത്രങ്ങൾ എന്നിവയുണ്ടെങ്കിൽ അവ പതുക്കെ ഊരി മാറ്റുക. പൊള്ളലിനെ തുടർന്ന് വീക്കം ഉണ്ടാകുമ്പോൾ ഇവ രക്തയോട്ടത്തെ ബാധിക്കാം. എന്നാൽ ചർമ്മത്തിൽ ഒട്ടിപ്പിടിച്ച വസ്ത്രമോ മറ്റേതെങ്കിലും വസ്തുവോ വലിച്ചെടുക്കരുത്. അത് കൂടുതൽ ചർമത്തെ ബാധിക്കാം.

 

പൊള്ളലേറ്റ ഭാഗം തണുപ്പിച്ച ശേഷം വൃത്തിയുള്ള, ഒട്ടിപ്പിടിക്കാത്ത ഡ്രസിങ് ഉപയോഗിച്ച് അണുബാധ ഉണ്ടാകാതിരിക്കാൻ മുറിവ് പതുക്കെ മൂടിവെക്കുക. ചെറിയ പൊള്ളലുകൾക്ക് വൃത്തിയുള്ള പ്ലാസ്റ്റിക് ഫിലിം/ക്ലിങ് ഫിലിം താൽക്കാലികമായി ഉപയോഗിക്കാം. എന്നാൽ അത് മുറുക്കി ചുറ്റരുത്.

 

എന്തൊക്കെ ചെയ്യരുത്

പൊള്ളലേറ്റ ഉടൻ വീട്ടിൽ ലഭിക്കുന്ന പല വസ്തുക്കളും പുരട്ടുന്ന പതിവുണ്ട്. എന്നാൽ ഇത് ഒഴിവാക്കണം.

 

ഐസ് നേരിട്ട് വയ്ക്കരുത്

ഐസ് അല്ലെങ്കിൽ വളരെ തണുത്ത വെള്ളം നേരിട്ട് പൊള്ളലേറ്റ ചർമത്തിൽ വയ്ക്കുന്നത് സ്ഥിതി വഷളാക്കും. പകരം ഒഴുകുന്ന വെള്ളമാണ് ഉപയോഗിക്കാവുന്നതാണ്.

 

ടൂത്ത് പേസ്റ്റ് പുരട്ടരുത്

ടൂത്ത് പേസ്റ്റ് പുരട്ടിയാൽ പൊള്ളൽ തണുക്കുമെന്നത് വ്യാപകമായ ഒരു തെറ്റിദ്ധാരണയാണ്. എന്നാൽ ഇത് പൊള്ളലിന് ശരിയായ ചികിത്സയല്ല. പിന്നീട് മുറിവ് പരിശോധിക്കുകയോ ചികിത്സിക്കുകയോ ചെയ്യേണ്ടി വന്നാൽ പുരട്ടിയ വസ്തുക്കൾ നീക്കം ചെയ്യുന്നതും ബുദ്ധിമുട്ടുണ്ടാക്കാം.

 

വെണ്ണ, എണ്ണ, നെയ്യ് എന്നിവ പുരട്ടരുത്

വെണ്ണ, എണ്ണ പോലുള്ള കൊഴുപ്പുള്ള വസ്തുക്കൾ പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നത് ഒഴിവാക്കണം. ഇവ ചൂട് പുറത്തേക്ക് പോകുന്നത് തടസ്സപ്പെടുത്തുകയും പിന്നീട് ചികിത്സയ്ക്കിടെ നീക്കം ചെയ്യേണ്ടിവരികയും ചെയ്യാം.

 

പൊള്ളലിലെ കുമിളകൾ പൊട്ടിക്കരുത്

പൊള്ളലിന് ശേഷം വെള്ളം നിറഞ്ഞ കുമിളകൾ രൂപപ്പെടാം. അവ സ്വയം പൊട്ടിക്കുകയോ സൂചി ഉപയോഗിച്ച് കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്. ചർമത്തിന് കൂടുതൽ ക്ഷതവും അണുബാധയ്ക്കുള്ള സാധ്യതയും ഉണ്ടാകാം.

 

പൊള്ളലിന്റെ തീവ്രത എങ്ങനെ തിരിച്ചറിയാം?

എല്ലാ പൊള്ളലുകളും ഒരുപോലെയല്ല. ചർമം ചുവക്കുക, വേദന, വീക്കം, കുമിളകൾ എന്നിവ സാധാരണയായി കാണാം. എന്നാൽ ചർമം വെള്ളയോ കറുപ്പോ തവിട്ടുനിറമോ ആവുക, ചർമം ആഴത്തിൽ പൊള്ളൽ തോന്നുക, അല്ലെങ്കിൽ വേദന വളരെ കുറവായിരിക്കുക തുടങ്ങിയവ ഗുരുതര പൊള്ളലിന്റെ സൂചനകളാകാം. പൊള്ളലിന്റെ വേദനയുടെ അളവ് മാത്രം നോക്കി അതിന്റെ ഗുരുതരാവസ്ഥ തീരുമാനിക്കാൻ കഴിയില്ല. ആഴത്തിലുള്ള പൊള്ളലിൽ ചിലപ്പോൾ വേദന കുറവായിരിക്കാം.

 

ആശുപത്രിയിൽ എപ്പോൾ പോകണം?

പൊള്ളൽ വളരെ വലുതായാൽ

 

മുഖം, കണ്ണ്, വായ, മൂക്ക് എന്നിവിടങ്ങളിൽ പൊള്ളലേറ്റാൽ

 

കൈകൾ, കാലുകൾ, പ്രധാന സന്ധികൾ, ജനനേന്ദ്രിയ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഗുരുതര പൊള്ളലുണ്ടെങ്കിൽ

 

നെഞ്ച് അല്ലെങ്കിൽ കഴുത്തിന് ചുറ്റും പൊള്ളലുണ്ടെങ്കിൽ

 

ചർമം വെള്ള, കറുപ്പ്, തവിട്ട് നിറത്തിൽ മാറിയാൽ ആഴത്തിലുള്ള പൊള്ളലാണെന്ന് തോന്നിയാൽ

 

വൈദ്യുതി മൂലമുള്ള പൊള്ളലാണെങ്കിൽ

 

രാസവസ്തുക്കൾ മൂലമുള്ള പൊള്ളലാണെങ്കിൽ

 

തീപിടിത്തത്തിൽ പുക ശ്വസിച്ചിട്ടുണ്ടെങ്കിൽ

 

കുട്ടികൾക്കും വളരെ പ്രായമായവർക്കും പൊള്ളലേറ്റാൽ

  • Related Posts

    7.4 ശതമാനം പലിശ, മാസംതോറും വരുമാനം; അറിയാം പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

    Spread the love

    Spread the loveപ്രതിമാസം വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ പറ്റിയ പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന പദ്ധതി. കൈവശം വലിയൊരു തുക ഉള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം.   അഞ്ചുവര്‍ഷമാണ് കാലാവധി.…

    ‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു, അങ്ങനെയാണ് ഞങ്ങൾ അടുത്തത്’: ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് നടി

    Spread the love

    Spread the loveറാഞ്ചി ∙ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയുടെ ഇതിഹാസ നായകൻ എം.എസ്.ധോണി ‘ക്യാപ്റ്റൻ കൂൾ’ ആണ്. സഹതാരങ്ങൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ‘മഹി’ ആണ്. എന്നാൽ പ്രമുഖ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുഷ്ക സെൻ അദ്ദേഹത്തെ വിളിക്കുന്നത് ‘മഹി…

    Leave a Reply

    Your email address will not be published. Required fields are marked *