വിൽപ്പനയിൽ സർവ്വകാല റെക്കോർഡ് സൃഷ്ടിച്ച ഓണം ബംപർ നറുക്കെടുപ്പ് കഴിഞ്ഞതോടെ, ഭാഗ്യശാലികളെത്തേടിയുള്ള ആകാംക്ഷയ്ക്കൊപ്പം സോഷ്യൽ മീഡിയയിൽ ട്രോളുകളുടെയും തമാശകളുടെയും പൂരമാണ്. ഫെയ്സ്ബുക്കിലും വാട്സാപ്പിലും വരുന്ന തമാശരൂപത്തിലുള്ള പോസ്റ്റുകളും ട്രോളുകളുമാണ് ഇപ്പോൾ സൈബർ ലോകത്ത് ചിരി പടർത്തുന്നത്.
പണിക്കുപോയാൽ ജീവിക്കാം
മാധ്യമങ്ങളിലുൾപ്പെടെ ഭാഗ്യശാലികളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായതോടെ, പണിയെടുക്കാതെ ജീവിക്കാം എന്ന ആ മോഹവും പൊലിഞ്ഞു എന്ന രസകരമായ ചിന്താഗതി പങ്കുവെക്കുന്ന പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം പോസ്റ്റ് ചെയ്യപ്പെട്ടത്. “എനിക്കു കിട്ടിയില്ലെങ്കിലും വേണ്ടില്ല, എന്റെ അയൽവാസികൾക്കും കിട്ടാതിരുന്നാൽ മതി” എന്ന രീതിയിലുള്ള ട്രോളുകളും ഇതിനോടകം വൈറലായിട്ടുണ്ട്.
വ്യാജ വാഗ്ദാനങ്ങളും ട്രോളുകളും
ഇതിനിടയിൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട ചില തമാശരൂപത്തിലുള്ള വ്യാജ വാഗ്ദാനങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ‘ഓണം ബംപർ ഫസ്റ്റ് പ്രൈസ് അടിച്ചാൽ 1 ലക്ഷം വീതം 25 പേർക്ക് നൽകുന്നതാണ്, രണ്ടാം സമ്മാനം കിട്ടിയാൽ 25 പേർക്ക് 25000 വീതം…’ എന്നിങ്ങനെയുള്ള പോസ്റ്റുകൾ പല ഗ്രൂപ്പുകളിലും നിറഞ്ഞു. പേജിന് ഫോളോവേഴ്സിനെക്കൂട്ടാനുള്ള ആ തന്ത്രങ്ങൾക്കും എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന രീതിയിൽ കമന്റിട്ടവരും ധാരാളം ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ആവേശത്തിനൊപ്പം, മലയാളികളുടെ ട്രോൾ കരുത്ത് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ രസകരമായ പോസ്റ്റുകളെല്ലാം.








