റോഡിലും പുഴയിലും സ്ത്രീകളുടെ അർധനഗ്നമൃതദേഹങ്ങൾ; 12-ാമത്തെ കൊലയിൽ ട്വിസ്റ്റ്: ജൊഹാന്നസ്ബർഗിൽ ഭീതി ഒഴിയുന്നില്ല, കൊലയാളി എവിടെ?

Spread the love

ക്രൂരമായി കൊല ചെയ്യപ്പെട്ട സ്ത്രീകളുടെ 12 മൃതദേഹങ്ങൾ. മിക്കവയും അർധനഗ്നം. കൊലയാളി ഒരാളോ അതോ ഒന്നിലധികം പേരോ എന്നു വ്യക്തമല്ല. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ എകുർഹുലേനി മുനിസിപ്പാലിറ്റി മേഖലയെ ഭീതിയിലാഴ്ത്തി പരമ്പരക്കൊലപാതകങ്ങൾ തുടരുമ്പോൾ തടയിടാൻ തലപുകയ്ക്കുകയാണ് പൊലീസ്. ജൂലൈ മുതൽ ഇന്നലെ വരെ കൊല്ലപ്പെട്ടത് 12 പേരാണ്.

 

∙കൊലയിൽ പൊതുവായ സൂചന

 

ജൂലൈ 12 ന് വൈകിട്ട് നടക്കാനിറങ്ങിയ 38 കാരിയായിരുന്നു ആദ്യത്തെ ഇര. അവരെ കാണാതായി 3 ദിവസം കഴിഞ്ഞ്, ജൂലൈ 15 ന് കെംപ്ടൻ പാർക്കിനു സമീപം മൃതദേഹം കണ്ടെത്തി. രണ്ടു ദിവസത്തിനു ശേഷം യുവതിയുടെ പങ്കാളിയെ അറസ്റ്റ് ചെയ്തു. എന്നാൽ ഇയാൾ നിരപരാധിയാണെന്നു പിന്നീടു കണ്ടെത്തി. ആദ്യ മൃതദേഹം കണ്ടെത്തിയ അതേസ്ഥലത്തു തന്നെയാണ് ഓഗസ്റ്റ് മൂന്നിന് ഒരു മുപ്പത്തിരണ്ടുകാരിയുടെയും ഓഗസ്റ്റ് 26 ന് ഇരുപത്തിയാറുകാരിയുടെയും അർധനഗ്ന മൃതദേഹങ്ങൾ കണ്ടത്തിയത്. പൊലീസ് അന്വേഷണം തുടർന്നെങ്കിലും ഒരു തുമ്പും കിട്ടിയില്ല.

 

സെപ്റ്റംബർ ഏഴിന് ഒലിഫൻസ്ഫോൻടെയ്ൻ എന്ന സ്ഥലത്ത് നദിയിൽ ഒഴുകിനടക്കുന്ന നിലയിൽ മുപ്പതിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അതിൽ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. അഞ്ചാമത്തെ യുവതിയുടെ മൃതദേഹം കെംപ്റ്റൺ പാർക്കിനു സമീപം ദക്ഷിണാഫ്രിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലേക്കുള്ള റോഡരികിലാണ് കണ്ടെത്തിയത്. ആറാമത്തെ സ്ത്രീയുടെ മൃതദേഹവും സെപ്റ്റംബർ 12ന് പാർക്കിനു സമീപമാണ് കണ്ടെത്തിയത്. 38കാരിയായ ഇവരെ വീട്ടിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ കാണാതാവുകയായിരുന്നു. ഏഴാമത്തെ മൃതദേഹം മൊസലാക്ഗോമോ എന്ന സ്ഥലത്ത് സെപ്റ്റംബർ 14നാണ് കണ്ടെത്തുന്നത്. തൊട്ടടുത്ത ദിവസം അടുത്ത മൃതദേഹവും കണ്ടെത്തി. എകുർഹുലേനിയുടെ മറ്റൊരു ഭാഗമായ സ്പ്രിങ്സിലെ വഴിയരികിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണ് 38കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അവർ ക്രൂരമായി മർദ്ദിക്കപ്പെട്ടിരുന്നെന്നും വ്യക്തമായിരുന്നു.

 

ഒൻപതാമത്തെ മൃതദേഹം സെപ്റ്റംബർ 24ന് രാവിലെ ഡോൺ പാർക്കിനു സമീപം റോഡിൽ ഷീറ്റിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. 30 വയസ്സു തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം. പത്താമത്തെ മൃതദേഹം സെപ്റ്റംബർ 26 ന് മധ്യ ജോഹനാസ്ബർഗിന്റെ വടക്കുകിഴക്കൻ മേഖലയിലുള്ള തെംബിസയിലെ ഒരു സെമിത്തേരിയിൽ നിന്നുമാണ് കണ്ടെത്തിയത്. നഗ്നമായ നിലയിൽ കണ്ടെത്തിയ ഇവരുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. സമീപത്തുനിന്ന് കല്ലുകളും കണ്ടെടുത്തു. പതിനൊന്നാമത്തെ മൃതദേഹവും എകുർഹുലേനിയിലെ ഒരു തുറന്ന പ്രദേശത്താണ് കണ്ടെത്തിയത്. ഇവരുടെ വിവരങ്ങൾ കണ്ടെത്താനായിട്ടില്ല.

 

കഴിഞ്ഞ തിങ്കളാഴ്ച എകുർഹുലേനിയിലെ തെംബിസയിലാണ് വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ പന്ത്രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന 23 വയസ്സുള്ള ഈ യുവതിയെ വെടിവച്ചു വീഴ്ത്തിയ ശേഷം സാധനസാമഗ്രികൾ കവർച്ച ചെയ്യുകയായിരുന്നു. ഈ കൊലപാതകത്തിന് ഉത്തരവാദിയെന്ന് പോലീസ് സംശയിക്കുന്ന, ഇവരിൽനിന്ന് വേർപിരിഞ്ഞു താമസിച്ചിരുന്ന ഭർത്താവിനെ പിന്നീട് മിഡ്രാൻഡിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈ കേസും മറ്റ് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

 

ഇതുവരെ കണ്ടെത്തിയ പതിനൊന്നു മൃതദേഹങ്ങളിൽ കൊല ചെയ്തതു സംബന്ധിച്ച് പൊതുവായ ചില സൂചനകളുണ്ട്. അർധനഗ്നമായ മൃതദേഹങ്ങളിൽ പരുക്കുകളുണ്ട്. മിക്കവരും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. കൊലയാളി ഒരാളാണെന്ന സൂചന വരാൻ കാരണം ഇതാണ്. എന്നാൽ അവസാനം കണ്ടെത്തിയ മൃതദേഹം ഇതിൽനിന്നും വ്യത്യസ്തമാണ്. അത് പൊലീസിനെ കുഴക്കുന്നുണ്ട്.

 

∙ നാലു പേർ അറസ്റ്റിൽ, കടുത്ത ജാഗ്രത

 

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ അറിയിച്ചത്. ചില കേസുകളിൽ പൊലീസ് ഡിഎൻഎ, രക്തസാംപിളുകൾ, വസ്ത്രങ്ങൾ, മൊബൈൽ ഫോണുകൾ, ഫോൺ രേഖകൾ എന്നിവയുൾപ്പെടെയുള്ള ഫൊറൻസിക് തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കൊലപാതകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രാജ്യത്ത് ദീർഘകാലമായി സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കടുത്ത രോഷമുയരാൻ ഇതു കാരണമായിട്ടുണ്ട്. ഇത്തരം അതിക്രമങ്ങൾക്കു തടയിടാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ചതായും പ്രസിഡന്റ് റാമഫോസ അറിയിച്ചു.

 

പ്രവർത്തനരഹിതമായ തെരുവു വിളക്കുകളുള്ള പാതകൾ, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ, മതിയായ സുരക്ഷയില്ലാത്ത പാർക്കുകൾ എന്നിവയുൾപ്പെടെയുള്ള അപകടസാധ്യതയേറിയ പ്രദേശങ്ങൾ കണ്ടെത്തണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സ്ത്രീസുരക്ഷാ ഓഡിറ്റ് 60 ദിവസത്തിനകം പൂർത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഈ ഓഡിറ്റിനു ശേഷം, അതിക്രമങ്ങളുടെ ‘ഹോട്ട്സ്പോട്ടുകളാ’യി കണ്ടെത്തിയ പ്രദേശങ്ങളിലെ കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ ആവശ്യമായ ഫണ്ട് ഉറപ്പാക്കി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യും. കൊലപാതകം, വധശ്രമം, ബലാത്സംഗം, മറ്റു ലിംഗാധിഷ്ഠിത അതിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന കേസുകൾ 90 ദിവസത്തിനകം പുനഃപരിശോധിക്കണമെന്ന് പൊലീസിനും നാഷനൽ പ്രോസിക്യൂട്ടിങ് അതോറിറ്റിക്കും പ്രസിഡന്റ് ഉത്തരവ് നൽകി. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ നേരിടുന്ന ഭൂരിഭാഗം സ്ത്രീകളും തങ്ങളെ ആക്രമിച്ചവരെ മുൻപേ അറിയുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയ റാമഫോസ, ഇത്തരം അതിക്രമങ്ങൾക്കെതിരായ പോരാട്ടത്തിന് പുരുഷന്മാർ നേതൃത്വം നൽകണമെന്ന് ആഹ്വാനം ചെയ്തു.

 

∙ ക്രൈം റേറ്റിൽ മുന്നിൽ

 

ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ദിവസവും ശരാശരി 60 പേർ കൊല്ലപ്പെടുന്നതായാണ് ഔദ്യോഗിക കണക്ക്. രാജ്യത്തിന്റെ ഔദ്യോഗിക കുറ്റകൃത്യ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ദക്ഷിണാഫ്രിക്കയിൽ 5,427 നരഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലിംഗസമത്വത്തിനായുള്ള ഐക്യരാഷ്ട്ര സംഘടനാ ഏജൻസിയായ യുഎൻ വിമൻ നൽകുന്ന വിവരമനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ കൊല്ലപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. 2022 ദക്ഷിണാഫ്രിക്കയിൽ നടത്തിയ പഠനത്തിൽ ആകെ സ്ത്രീകളിൽ 35 ശതമാനത്തിൽ അധികം പേർ ഏതെങ്കിലും തരത്തിലുള്ള ശാരീരിക– ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *