ലണ്ടൻ ∙ യുകെയിലെ സ്കോട്ട്‌ലൻഡിൽ ഡൺഫെർമ്‌ലൈനിൽ പരിചരണത്തിലുണ്ടായിരുന്ന 27 കുട്ടികളെ വീട്ടിൽ തനിച്ചാക്കി മേൽനോട്ടമില്ലാതെ വിട്ട കേസിൽ 55കാരിയായ ചൈൽഡ് മൈൻഡർ അമാൻഡ മാത്യൂസൺ കുറ്റം സമ്മതിച്ചു. അനുവദിച്ചിരുന്നതിന്റെ മൂന്നിരട്ടിയിലധികം കുട്ടികളെയാണ് ഒരേസമയം പരിചരിച്ചിരുന്നതെന്നാണ് കോടതിയിൽ വ്യക്തമായത്.
ഒക്ടോബർ ആറിന് കിർക്കാൾഡി ഷെരിഫ് കോടതിയിലാണ് മാത്യൂസൺ കുട്ടികളെ മനഃപൂർവം അവഗണിക്കുകയും ഉപേക്ഷിക്കുകയും അവരുടെ ആരോഗ്യത്തിന് അനാവശ്യമായ ദുരിതമോ പരിക്കോ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്തതായി കുറ്റം സമ്മതിച്ചത്. 30 വർഷമായി സ്വയംതൊഴിൽ അടിസ്ഥാനത്തിൽ ചൈൽഡ് മൈൻഡറായി ജോലി ചെയ്തിരുന്ന മാത്യൂസണിന് ഒരേസമയം പരമാവധി എട്ട് കുട്ടികളെ മാത്രമാണ് പരിചരിക്കാൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ 2024 ഓഗസ്റ്റ് 26ന് പൊലീസ് വീട്ടിലെത്തിയപ്പോൾ 12 വയസ്സിനു താഴെയുള്ള 15 കുട്ടികളും പ്രൈമറി സ്കൂൾ പ്രായത്തിന് താഴെയുള്ള 10 കുട്ടികളും ഒരു വയസ്സിനു താഴെയുള്ള രണ്ട് കുഞ്ഞുങ്ങളുമുൾപ്പെടെ 27 കുട്ടികളാണ് അവിടെയുണ്ടായിരുന്നത്. രണ്ട് രക്ഷിതാക്കൾക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തുവന്നത്.
മാത്യൂസൺ കുട്ടികളുമായി സ്കൂൾ റണ്ണിന് പോയ സമയത്ത് തങ്ങളുടെ കുട്ടികൾ അവരോടൊപ്പം ഇല്ലെന്ന് മനസ്സിലാക്കിയ രക്ഷിതാക്കൾ സ്കൂളിലെത്തി പരിശോധിച്ചു. തുടർന്ന് മാത്യൂസണിന്റെ വീട്ടിൽ എത്തിയപ്പോൾ തോട്ടത്തിൽ അഞ്ച് കുട്ടികളെ തനിച്ചായി കണ്ടെത്തി. വീട്ടിനുള്ളിൽ മുതിർന്നവർ ആരുമില്ലെന്നും മാത്യൂസൺ തങ്ങളോട് തോട്ടത്തിൽ കാത്തിരിക്കാനാണ് പറഞ്ഞതെന്നും കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞു.
വീടിന്റെ വാതിൽ പൂട്ടിയിട്ടില്ലെന്ന് മനസ്സിലാക്കിയ രക്ഷിതാക്കൾ അകത്ത് കയറിയപ്പോൾ അടുക്കളയിലെ മേശയ്ക്കടിയിൽ കരഞ്ഞുകൊണ്ടിരുന്ന ഒരു ചെറിയ കുട്ടിയെ കണ്ടെത്തി. തുടർന്ന് മുകളിലത്തെ മുറിയിൽ അഞ്ച് വയസ്സിനു താഴെയുള്ള ഒൻപത് കുട്ടികളെയും കണ്ടെത്തി. ഇവരിൽ രണ്ട് കുട്ടികളെ പ്രാമിൽ കെട്ടിയിട്ട നിലയിലായിരുന്നു. കുട്ടികൾ പരിഭ്രാന്തരും അസ്വസ്ഥരുമായിരുന്നെങ്കിലും ശാരീരികമായി പരിക്കേറ്റിരുന്നില്ല. പൊലീസ് എത്തിയപ്പോൾ കുട്ടികളെ കുറഞ്ഞത് 30 മിനിറ്റോളം വീട്ടിൽ തനിച്ചാക്കിയിരുന്നതായി മാത്യൂസൺ സമ്മതിച്ചു. റിങ് ഡോർബെൽ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അന്നേ ദിവസം തന്നെ കുട്ടികളെ തനിച്ചാക്കി പുറത്തുപോയത് ഇത് രണ്ടാം തവണയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2024 ഓഗസ്റ്റ് 26നാണ് പൊലീസ് മാത്യൂസണെ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടികളെ തനിച്ചാക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വ്യക്തമായി.
പല കുട്ടികളും മാത്യൂസണിന്റെ വീട്ടിലേക്ക് പോകാൻ വിസമ്മതിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. വീട്ടിലെത്തുമ്പോൾ കുട്ടികൾ ദാഹിച്ച നിലയിലായിരുന്നുവെന്നും ചില കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നില്ലെന്ന സംശയമുണ്ടായിരുന്നുവെന്നും രക്ഷിതാക്കൾ മൊഴി നൽകി. ചില കുട്ടികൾ വൃത്തിയാക്കാത്ത ഡയപ്പറുകളുമായും അടിവസ്ത്രത്തിൽ ഉണങ്ങിയ മലത്തോടെയും വീട്ടിലെത്തിയ സംഭവങ്ങളും അന്വേഷണത്തിൽ പുറത്തുവന്നു. കുട്ടികളുടെ എണ്ണം മറച്ചുവയ്ക്കാനും മാത്യൂസൺ ശ്രമിച്ചിരുന്നതായി കോടതി കണ്ടെത്തി.
മാതാപിതാക്കൾ കുട്ടികളെ ഏൽപ്പിക്കാൻ എത്തുമ്പോൾ വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. വീട്ടിൽ എപ്പോഴും ഉച്ചത്തിലുള്ള സംഗീതം വയ്ക്കുകയും കുട്ടികളുടെ യഥാർഥ എണ്ണം ചോദിച്ചാൽ മറ്റൊരു ചൈൽഡ് മൈൻഡർ സഹായിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിനിടെ സമീപത്തുള്ള മറ്റ് ചൈൽഡ് മൈൻഡർമാരെ ചോദ്യം ചെയ്തപ്പോൾ മാത്യൂസണെ സഹായിച്ചിരുന്നതായി ആരും പറഞ്ഞില്ല.
2023 ഡിസംബറിൽ ഒൻപത് കുട്ടികളുടെ പരിചരണ ചുമതലയുണ്ടായിരുന്ന സമയത്ത് മാത്യൂസൺ മൂന്ന് കുട്ടികളുമായി മാത്രം ചർച്ച് ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്തതായും കോടതികണ്ടെത്തി. മൂന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് സാന്താക്ലോസിനൊപ്പമുള്ള ചിത്രങ്ങൾ അയച്ചപ്പോൾ മറ്റുള്ളവരുടെ മാതാപിതാക്കൾക്ക് പൊതുവായ ചിത്രങ്ങളാണ് അയച്ചത്. പിന്നീട് സ്പോർട്സ് ഡേയിലും പാർക്ക് സന്ദർശനത്തിലും ഫയർ സ്റ്റേഷൻ സന്ദർശനത്തിലും പരിചരണത്തിലുണ്ടായിരുന്ന മുഴുവൻ കുട്ടികളെയും കൂടെ കൊണ്ടുപോയിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
മാത്യൂസണിന്റെ വീട്ടിൽ കുട്ടികളെ ഭക്ഷണവും വെള്ളവും നൽകുന്ന കാര്യത്തിലും വീഴ്ചയുണ്ടായിരുന്നുവെന്ന പരാതികളും ഉയർന്നു. കുട്ടികൾ വീട്ടിലെത്തുമ്പോൾ ദാഹിച്ച നിലയിലായിരുന്നുവെന്നും വസ്ത്രങ്ങൾ വളരെ വൃത്തിയായി തന്നെയുണ്ടായിരുന്നിട്ടും ബൊളോനീസ്, കറി തുടങ്ങിയ ഭക്ഷണം കഴിച്ചുവെന്ന് മാത്യൂസൺ പറഞ്ഞിരുന്നതായും രക്ഷിതാക്കൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
കുട്ടികൾക്ക് പലപ്പോഴും ബിസ്കറ്റും മിഠായിയും മാത്രമാണ് ലഭിച്ചിരുന്നതായും അന്വേഷണത്തിൽ മൊഴികളുണ്ടായി. വിരോധാഭാസമെന്നോണം 2023 ഓഗസ്റ്റ് ഏഴിന് നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ മാത്യൂസണിന്റെ ചൈൽഡ്‌മൈൻഡിങ് സേവനത്തിന് ‘വെറി ഗുഡ്’ എന്ന ഉയർന്ന റേറ്റിങ് ലഭിച്ചിരുന്നു. കുട്ടികൾക്ക് സുഖകരവും സ്വാഗതാർഹവുമായ അന്തരീക്ഷത്തിലാണ് പരിചരണം ലഭിക്കുന്നതെന്നും അന്നത്തെ പരിശോധനാ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആ പരിശോധനയ്ക്ക് പിന്നാലെ സെപ്റ്റംബർ ഏഴിന് തുടങ്ങിയ കാലയളവിലാണ് കുട്ടികളെ അവഗണിച്ചതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടന്നതെന്ന് കോടതി വ്യക്തമാക്കി.
2023 സെപ്റ്റംബർ ഏഴ് മുതൽ 2024 ഓഗസ്റ്റ് 26 വരെയുള്ള കാലയളവിൽ കുട്ടികളെ അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്തതായി ചുമത്തിയ കുറ്റമാണ് മാത്യൂസൺ ഇപ്പോൾ സമ്മതിച്ചത്. 2025 ജൂലൈ 31ന് കേസുമായി ബന്ധപ്പെട്ട് അവർ കോടതിയിൽ ഹാജരായിരുന്നെങ്കിലും അന്ന് കുറ്റം സമ്മതിച്ചിരുന്നില്ല. കേസിൽ അന്തിമ ശിക്ഷ ഇന്ന് പ്രഖ്യാപിച്ചിട്ടില്ല. പശ്ചാത്തല റിപ്പോർട്ടുകൾ തയാറാക്കുന്നതിനായി ഷെരിഫ് ജോൺ മാക്‌റിച്ചി ശിക്ഷ പ്രഖ്യാപിക്കുന്നത് നവംബർ ആറിലേക്ക് മാറ്റി. അതുവരെ മാത്യൂസണിന് ജാമ്യം തുടരും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളിൽ നിന്ന് ഈ സംഭവത്തിൽ ലഭിച്ച പാഠങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ നടപ്പാക്കിയതായി കെയർ ഇൻസ്പെക്ടറേറ്റ് അറിയിച്ചു.







