തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് കാണാതായ പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, മൂന്ന് വയസ്സുള്ള മകൾ ധ്വനി എന്നിവരെ എറണാകുളത്ത് കണ്ടെത്തി. ഒക്ടോബർ 6 മുതൽ കാണാതായ ഇവരെക്കുറിച്ച് വിവരമില്ലാതിരുന്നതിനെ തുടർന്ന് ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് കുടുംബം സുരക്ഷിതരായി എറണാകുളത്തുണ്ടെന്ന ആശ്വാസ വാർത്ത പുറത്തുവന്നത്. ആതിര സ്വന്തം അമ്മയെ ഫോണിൽ വിളിച്ച് തങ്ങൾ സുരക്ഷിതരാണെന്ന വിവരം അറിയിക്കുകയായിരുന്നു. കടബാധ്യതകളെ തുടർന്നാണ് ഇവർ വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് നടപടികൾ സ്വീകരിച്ചുവരുന്നു.






