കൊച്ചി∙ യുപിഐ ഇടപാടുകൾക്ക് അധിക നിരക്കുകൾ ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഒക്ടോബർ 13-ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കേണ്ട കാലത്ത് യുപിഐ ഇടപാടുകൾക്ക് അധിക സാമ്പത്തിക ബാധ്യത ഏർപ്പെടുത്തുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി. ചെറുകിട വ്യാപാരികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കുന്ന ഇത്തരം നടപടികൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദൻ (AKGSMA), എം.പി. അഹമ്മദ്, രാജേഷ് കല്യാൺ, എ.കെ. നിഷാദ് (കേരള ജ്വല്ലേഴ്സ് ഫെഡറേഷൻ), ഷാജു ചിറയത്ത് (KGSDA), സുഹാസ് റാവു, കൃഷ്ണകുമാർ ഉണ്ണി, ഷിനോ മാത്യു എന്നിവർ പ്രസംഗിച്ചു.
യുപിഐ നിരക്കുകൾ പിൻവലിക്കണമെന്ന വ്യാപാരമേഖലയുടെ ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനും ഒക്ടോബർ 13-ലെ പ്രതിഷേധത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.






