കൊച്ചി ∙ നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി സഹോദരനൊപ്പം സ്കൂട്ടറിൽ പോകാൻ ശ്രമിച്ച യുവതിക്ക് നേരെ ഓട്ടോ – ടാക്സി ഡ്രൈവർമാരുടെ അതിക്രമമെന്നു പരാതി. കോഴിക്കോട് സ്വദേശിനി സി.പി. റസീനയ്ക്കാണു ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി. തന്നെ കൂട്ടാൻ എത്തിയ സഹോദരനെ ഓൺലൈൻ ടാക്സിക്കാരനാണെന്ന് ആരോപിച്ചായിരുന്നു അസഭ്യവർഷം എന്ന് പരാതിയിൽ പറയുന്നു.
എക്സിറ്റ് ഗേറ്റിന് സമീപം സഹോദരൻ എത്തിയപ്പോൾ ഓട്ടോ – ടാക്സി ഡ്രൈവർമാർ തടയുകയായിരുന്നു. സഹോദരന്റെ വാഹനത്തിൽ കയറി ഹെൽമറ്റ് ധരിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന ചിലർ ഇവരുടെ വിഡിയോയും ഫോട്ടോയും അനുവാദമില്ലാതെ പകർത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്ന് യുവതി പറയുന്നു. തന്റെ സഹോദരനാണെന്നും ടാക്സി സർവീസ് അല്ലെന്നും യുവതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടും ഇവർ അധിക്ഷേപം നിർത്താൻ കൂട്ടാക്കിയില്ല.






