കൽപറ്റ ∙ പണം തട്ടുകയെന്ന ലക്ഷ്യത്തോടെ തട്ടിപ്പുസംഘം ജില്ലാ കേന്ദ്രീകരിച്ച് ആരംഭിച്ച വാട്സാപ് ഗ്രൂപ്പ് മെറ്റ സസ്പെൻഡ് ചെയ്തു. പൊലീസ് നിർദേശത്തെ തുടർന്നാണ് നടപടി. വാട്സാപ് ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങൾ ഇവ പാലിക്കുന്നില്ലെന്ന് അറിയിച്ചാണ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ മെറ്റ അവസാനിപ്പിച്ചത്. പൊലീസ് നിർദേശത്തെ തുടർന്ന്, ഗ്രൂപ്പിൽ യാന്ത്രികമായ സന്ദേശങ്ങൾ (ഓട്ടമേറ്റഡ് മെസജ്) ഏറെയുണ്ടെന്ന് മെറ്റ കണ്ടെത്തിയിരുന്നു. ‘റിയ മണി ഹെൽപ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ അഡ്മിൻമാർ വയനാട്ടിലെ സാമൂഹിക, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരെ ഗ്രൂപ്പിലേക്ക് ചേർത്തിരുന്നു.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുസംഘമാണോ പിറകിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വാട്സാപ് ഗ്രൂപ്പ് വഴി ആർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ഗ്രൂപ്പിനെ കുറിച്ച് അറിയിപ്പ് ലഭിച്ചത് കൊണ്ടാണ് മെറ്റയ്ക്ക് നിർദേശം നൽകിയത്. ഇതുവരെ ആരും പൊലീസിൽ പണം നഷ്ടപ്പെട്ടത് സംബന്ധിച്ച പരാതിയും കൈമാറിയിട്ടില്ല. ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു.
ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത് ഇങ്ങനെ:
പണത്തിന് പ്രയാസമനുഭവിക്കുന്നവരെയും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെയും ഉൾപ്പെടെയാണ് ഗ്രൂപ്പ് രൂപീകരിച്ച തട്ടിപ്പുസംഘം പ്രധാനമായും ലക്ഷ്യംവച്ചിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. 5000 രൂപ ട്രാൻസ്ഫർ ചെയ്താൽ 15 മിനിറ്റിനുള്ളിൽ 18000 രൂപയും 10000 രൂപ നൽകിയാൽ 45 മിനിറ്റിനുള്ളിൽ 30000 രൂപയും 90000 രൂപ കൈമാറിയാൽ 4 ലക്ഷം രൂപയും ലഭിക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങളായിരുന്നു ഗ്രൂപ്പിലുണ്ടായിരുന്നത്.
സെൻഡിങ് ചാർജ് എന്ന നിലയിലായിരുന്നു തട്ടിപ്പുസംഘം പണം ആവശ്യപ്പെട്ടിരുന്നത്. ഇത്തരം പണം കൈമാറ്റത്തിലൂടെ മറ്റുള്ളവർക്ക് യുപിഐ വഴി പണം വന്നതിന്റെ വ്യാജ സ്ക്രീൻ ഷോട്ടുകളും സംഘം ഗ്രൂപ്പിലേക്ക് അയയ്ക്കുമായിരുന്നു. ഗ്രൂപ്പിലുള്ളവരുടെ വിശ്വാസം പിടിച്ചു പറ്റാനായിരുന്നു ഇത്. നേരത്തെ ടെലിഗ്രാം ഗ്രൂപ്പ് കേന്ദ്രീകരിച്ചും ഇത്തരം തട്ടിപ്പുസംഘങ്ങൾ ഉണ്ടായിരുന്നു. അതേസമയം, ആരുടെയും അനുവാദം കൂടാതെ ഇത്രയും ആളുകളുടെ ഫോൺ നമ്പർ തട്ടിപ്പുസംഘത്തിന് എങ്ങനെ കിട്ടിയെന്ന ചോദ്യം ഉയരുന്നുണ്ട്. വിശ്വസനീയമല്ലാത്ത സാമ്പത്തിക വാഗ്ദാനങ്ങൾ നിരത്തുന്ന ഓൺലൈൻ കൂട്ടായ്മകൾ ശ്രദ്ധയിൽപെട്ടാൽ സ്വയമേ ഗ്രൂപ്പിൽ നിന്ന് ഒഴിഞ്ഞ് വിവരം കൈമാറണമെന്നും പൊലീസ് അറിയിച്ചു.






