കോട്ടയം∙ വേഷത്തിലും ഭാവത്തിലും പക്കാ പൊലീസ്. ചോദിച്ചപ്പോൾ പത്തനംതിട്ടയിൽ ‘ഗ്രേഡ് എസ്ഐ’ എന്ന് മറുപടിയും. മുന്നിലെത്തിയത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്നു കരുതി സ്വീകരിച്ച ജില്ലാ ജനറൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ പുലിവാൽ പിടിച്ചതിങ്ങനെ:
മദ്യലഹരിയിൽ കെഎസ്ആർടിസി ബസിൽ കിടന്ന പത്തനംതിട്ട സ്വദേശി സുനു ചന്ദ്രനെ ഇന്നലെ രാവിലെ 11.30നാണ് 108 ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ ഉടൻ ഇയാളെ പൊലീസ് എയ്ഡ് പോസ്റ്റിലെ കട്ടിലിൽ വിശ്രമിക്കാൻ കിടത്തി. പൊലീസുകാർ ഉപയോഗിക്കുന്ന അതേ ഷൂ, സോക്സും ബെൽറ്റും ഒപ്പം ശരീരഭാഷയും.
ചോദ്യങ്ങൾക്ക് പത്തനംതിട്ടയിൽ ഗ്രേഡ് എസ്ഐ എന്നു മറുപടി നൽകിയതോടെ കാര്യം സീരിയസായി. എസ്ഐ സാറിനെ നേരിട്ടു കാണാൻ സ്പെഷൽ ബ്രാഞ്ച് സംഘം ഓടിയെത്തി. മദ്യലഹരിയിലായിരുന്ന വ്യാജ എസ്ഐ ആശുപത്രിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് തുപ്പി. മേലുദ്യോഗസ്ഥനോടുള്ള ബഹുമാനം കാരണം പാവം പൊലീസുകാർ അതു ക്ഷമയോടെ സഹിച്ചു.
പക്ഷേ, വിശദമായ ചോദ്യം ചെയ്യലിൽ പണി പാളി. ആള് വ്യാജനെന്നു തെളിഞ്ഞു. ചെറുപ്പം മുതലേ പൊലീസാകാൻ വലിയ ആഗ്രഹമായിരുന്നു, അതാണ് ഈ വേഷം ധരിച്ചത് എന്നായിരുന്നു സുനുവിന്റെ മറുപടി. അമളി പറ്റിയെന്നു മനസ്സിലായതോടെ, തിരിച്ചറിയൽ രേഖകൾ വാങ്ങി, വ്യാജ എസ്ഐയുടെ ഷൂസും സോക്സും ഊരിവയ്പിച്ച് കേസും കൂട്ടവുമില്ലാതെ പൊലീസുകാർ ഇയാളെ വീട്ടിലേക്കയച്ചു. എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന നിർദേശവും നൽകി.






