ആഹാരമില്ല, രാഹുൽ യാത്രയായി; ശരീരഭാരം 7 കിലോ മാത്രം: ഒരു വർഷത്തിനിടെ മരിച്ചത് ദമ്പതികളുടെ രണ്ട് കുഞ്ഞുങ്ങൾ

Spread the love

ഹരിപ്പാട്∙ വേണ്ടത് 12 കിലോ, ശരീരത്തിനുണ്ടായിരുന്നത് 7 കിലോ. ആവശ്യത്തിന് ആഹാരമോ പരിചരണമോ ലഭിക്കാതെ രണ്ടു വയസ്സുകാരൻ രാഹുൽ മരിക്കുമ്പോൾ അമ്മ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയിട്ട് മണിക്കൂറുകൾ പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താരയുടെയും മകനാണ് രാഹുൽ. ഇന്നലെ രാവിലെ ഏഴരയോടെ വീടിനുള്ളിൽ അനക്കമറ്റു കിടന്ന കുഞ്ഞിനെ പിതാവ് രാജേഷ് സ്വന്തം ഓട്ടോറിക്ഷയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പട്ടിണി മരണമെന്ന സംശയം ഉയർന്നതോടെ തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. കുട്ടിക്ക് ആവശ്യമായ പരിചരണമോ ഭക്ഷണമോ ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ പരുക്കുകളോ ഇല്ല. ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രസവവേദനയെത്തുടർന്ന് താരയെ ആശാ പ്രവർത്തകർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ഇവർ ആൺകുഞ്ഞിന് ജന്മം നൽകി.

 

അമ്മ ആശുപത്രിയിലായതോടെ രാഹുൽ പിതാവ് രാജേഷിനൊപ്പമായിരുന്നു. പിതാവ് കുഞ്ഞിന്റെ സംരക്ഷണത്തിൽ ശ്രദ്ധ പുലർത്തിയില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. മുൻപും ഇവരുടെ ഒരാൺകുഞ്ഞ് മരിച്ചിരുന്നു. കയ്യിൽനിന്ന് അബദ്ധത്തിൽ താഴെ വീണതിനെത്തുടർന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു കുടുംബം നൽകിയ വിശദീകരണം. മഴയിൽ വീട് തകർന്ന് പ്ലാസ്റ്റിക് ഷെഡിലാണ് കുടുംബം കഴിയുന്നത്. ജനപ്രതിനിധികളും ശിശുക്ഷേമസമിതിയും ഇടപെട്ട് ഇവരെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചിരുന്നു. അവിടെ തുടരാൻ കുടുംബം വിസമ്മതിച്ചു. സിഡബ്ല്യുസിയുടെ അനുമതിയോടെ വലിയകുളങ്ങരയിലെ കുടുംബവീട്ടിലേക്ക് മടങ്ങി.

 

കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് പിതാവ് രാജേഷിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കുന്ന കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. മൂന്നു വയസ്സു മുതൽ പതിനൊന്ന് വയസ്സുവരെ പ്രായമുള്ള മറ്റ് നാല് പെൺകുട്ടികളെയും ശിശുക്ഷേമസമിതി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. രാഹുലിന്റെ മൃതദേഹം വലിയകുളങ്ങരയിലെ കുടുംബവസ്തുവിൽ സംസ്കരിച്ചു.

  • Related Posts

    അപകടം സുഹൃത്തിനോട് വിവരിക്കുന്ന നിര്‍ണായക ശബ്ദസന്ദേശം പൊലീസിന്, ‘രക്ഷപ്പെടാന്‍’ നിര്‍ദേശം; സുഹൈല്‍ ആദ്യം വിളിച്ചത് പിതാവിനെ

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക സന്ദേശം പൊലീസിന് ലഭിച്ചു. മദ്യപിച്ചതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും ഓഡിയോ സന്ദേശത്തിലുണ്ട്. അപകടം ഉണ്ടായതിന് പിന്നാലെ പ്രതി സുഹൈല്‍ സജീവ് പിതാവിനെ വിളിച്ചതിന്റെ ശബ്ദസന്ദേശവും പൊലീസിന്…

    ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സും യൂണിഫോമും ഇല്ല; സീറ്റ് ബെല്‍റ്റും ധരിച്ചില്ല; സ്‌കൂള്‍ ബസുകള്‍ക്ക് പിഴ

    Spread the love

    Spread the loveകൊച്ചി: എറണാകുളം എന്‍ഫോഴ്സ്‌മെന്റ്‌റ് ആര്‍.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളില്‍ സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 34 വാഹനങ്ങള്‍ക്ക് 57,250 രൂപ പിഴ…

    Leave a Reply

    Your email address will not be published. Required fields are marked *