ന്യൂ ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുനേരെ (എസ്ബിഐ) സൈബറാക്രമണം. ഇതേത്തുടർന്ന് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 16-ന് തങ്ങളുടെ ത്രെറ്റ് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, സെർട്ട്-ഇൻ (CERT-In) എന്നിവയിൽ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി എസ്ബിഐ വ്യക്തമാക്കി.
ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3,75,000 റെക്കോർഡുകളാണ് പ്രാഥമിക വിശകലനത്തിന് വിധേയമാക്കിയത്. ഇതിൽ നിന്നാണ് 3,897 ഉപഭോക്തൃ റെക്കോർഡുകൾ തിരിച്ചറിഞ്ഞത്. ഉപഭോക്താക്കളുടെ പേരുകൾ, മൊബൈൽ നമ്പറുകൾ, ജനനത്തീയതികൾ, ഇമെയിൽ വിലാസങ്ങൾ, താമസ വിലാസങ്ങൾ എന്നിവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇതിന് പുറമെ ബ്രാൻഡ് വിവരങ്ങൾ, ഉപഭോക്തൃ തിരിച്ചറിയൽ വിവരങ്ങൾ, വായ്പാ രേഖകൾ എന്നിവയും പുറത്തായിട്ടുണ്ട്.
വിവരച്ചോർച്ചയുടെ സ്വഭാവവും വ്യാപ്തിയും വിശദമായി പരിശോധിക്കുന്നതിനായി സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ നിയോഗിച്ചതായി എസ്ബിഐ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രമായ വിലയിരുത്തലും അന്വേഷണവും ഏജൻസി നടത്തും. അതേസമയം, ഈ സംഭവം ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെ ഇത് കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് എസ്ബിഐ അറിയിച്ചു.
സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ ബാങ്കുകളുടെ സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ റെഗുലേറ്ററി അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തിവരുന്നതിനിടെയാണ് എസ്ബിഐയിലെ വിവരച്ചോർച്ച പുറത്തുവന്നിരിക്കുന്നത്.







