ചെന്നൈ∙ തമിഴ്നാട്ടിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായ 6 പൊലീസ് ഉദ്യോഗസ്ഥരുടെയും കോമയിലായ ഒരു ഉദ്യോഗസ്ഥന്റെയും കുടുംബങ്ങൾക്ക് 5.96 കോടിയുടെ ധനസഹായം വിതരണം ചെയ്ത് മുഖ്യമന്ത്രി വിജയ്. ചെന്നൈയിൽ നടന്ന പൊലീസ് അനുസ്മരണ ദിന ചടങ്ങിലാണ് തുക വിതരണം ചെയ്തത്. സേവനത്തിനിടെ മരിച്ച പൊലീസ് ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിക്കുകയും സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിൽ അവർ വഹിച്ച പങ്കിനെ പ്രശംസിക്കുകയും ചെയ്തു.
വ്യക്തിഗത അപകട ഇൻഷുറൻസ് പ്രകാരമാണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് തുക കൈമാറിയത്. തമിഴ്‌നാട് സർക്കാരിന്റെ പദ്ധതി പ്രകാരമാണ് സഹായം നൽകിയത്. മരിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥരുടെയും കോമയിൽ തുടരുന്ന ഒരാളുടേയും കുടുംബത്തിനാണ് നഷ്ടപരിഹാരം നൽകിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസിന്റെ സേവനത്തെ അംഗീകരിക്കണമെന്നു ജനങ്ങളോട് വിജയ് ആവശ്യപ്പെട്ടു. പൊതുസുരക്ഷയ്ക്കു നേരെയുള്ള ഭീഷണികൾ ധൈര്യത്തോടെയും ജാഗ്രതയോടെയും നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സമർപ്പണത്തെ വിജയ് പ്രശംസിച്ചു. 2026 ൽ രാജ്യവ്യാപകമായി 154 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഡ്യൂട്ടിക്കിടയിൽ ജീവൻ നഷ്ടമായത്.







