തിരുവനന്തപുരം∙ കോവളത്തെ സ്പായില്‍ പതിനാറുകാരിയായ ആന്ധ്ര സ്വദേശി ലൈംഗികപീഡനത്തിനിരയായ കേസില്‍ അറസ്റ്റിലായ കോര്പറേഷന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്നാണ് പൊലീസ് കണ്ടെത്തല്‍. സംസ്ഥാനത്തിനു പുറത്തു നിന്ന് സ്ത്രീകളെ കൊണ്ട് വരുന്നതില്‍ അനുരൂപിനുള്ള പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പല സ്പാകളുടെയും നടത്തിപ്പില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നാണു പൊലീസിന്റെ നിഗമനം.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്ന ജോലി വഴി ലഭിച്ച ബന്ധങ്ങള്‍ വഴിയാണ് ഇയാള്‍ സ്പാ ബിസിനസിലേക്ക് എത്തിയത്. മുന്‍പ് വിഴിഞ്ഞത്തു ജോലി ചെയ്യുന്ന സമയത്തും ഇയാള്‍ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തിരുമല, തിരുവല്ലം എന്നിവിടങ്ങളിലേക്കു മാറ്റി. ഇപ്പോള്‍ ഉള്ളൂര്‍ സോണല്‍ ഓഫിസിലാണു ജോലി ചെയ്യുന്നത്. അനുരൂപിന്റെ നാലു ബാങ്ക് അക്കൗണ്ടുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവിക പണമിടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉള്ളൂര്‍ സോണല്‍ ഓഫിസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ച ശേഷമാണ് അനുരൂപ് സ്പാ നടത്തിപ്പില്‍ പങ്കാളിയാകുന്നതെന്നാണു പൊലീസ് കണ്ടെത്തല്‍.
കേസില്‍ അറസ്റ്റിലായ നിഷാന്തിനെ കോവളത്ത് ഡ്രീംസ് സ്പാ തുടങ്ങാന്‍ പ്രേരിപ്പിച്ചതും അനുരൂപാണ്. ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ കോവളത്ത് എത്തിച്ചതും അനുരൂപുമായി സംസാരിച്ചതിന് ശേഷമാണെന്ന് പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. അനുരൂപിനെ കോര്പറേഷന് സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാളെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നതിനെക്കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
കോവളത്തെ സ്പായില്‍ എത്തി യുവതികളെ പീഡിപ്പിച്ചവരിലേക്കും അന്വേഷണം നീളുകയാണ്. ഇടപാടുകാരുടെ ജി പേ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ സൈബര്‍ സംഘത്തിനു കൈമാറി. രണ്ട് ആഴ്ചയിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി പെണ്‍കുട്ടി തിരിച്ചറിയുന്നവര്‍ക്കെതിരെ പോക്സോ അടക്കം വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് പൊലീസിന്റെ നീക്കം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ മനുഷ്യക്കടത്തിനും കേസ് എടുക്കും.






