ന്യൂയോർക്ക്∙ ഭാര്യ കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരിയായ മകളുടെ മൃതദേഹം സംസ്കരിക്കാൻ സഹായം തേടി ഇന്ത്യൻ വംശജനായ പിതാവ്. മകളുടെ അന്ത്യകർമ്മങ്ങൾക്ക് പണം അഭ്യർഥിച്ച് കുൽദീപ് സിങ് എന്നയാളാണ് ഓണ്‍ലൈനായി പണം ശേഖരിക്കാൻ ആരംഭിച്ചത്.
ഒക്ടോബർ 14നാണ് അഞ്ചു വയസ്സുകാരി ഫാബിയാന കാബെല്ലോയുടെ മാതാവ് ഫ്രാൻസിസ് കാബെല്ലോ പൊലീസിനു ഫോൺ ചെയ്ത് ‘ഞാൻ എന്റെ മകളെ കൊന്നു’ എന്നു പറഞ്ഞത്. തുടർന്ന് സൗത്ത് റിച്ച്മോണ്ട് ഹില്ലിലെ വീട്ടിലെത്തിയ പൊലീസിനോട് ‘അവൾ മുകളിലത്തെ നിലയിലുണ്ട്, ശ്വാസമെടുക്കുന്നില്ല’ എന്നാണ് അമ്മ പറഞ്ഞത്. തുടർന്ന് മുറിയിലെത്തിയ പൊലീസ് ചലനമറ്റു കിടക്കുന്ന ഫാബിയാനയെയാണ് കണ്ടത്. മൂക്കിൽനിന്ന് രക്തവും വരുന്നുണ്ടായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് 32കാരിയായ ഫ്രാൻസിസിനെ പൊലീസ് അറസ്റ്റ് ചെയ്തു, ചോദ്യം ചെയ്യൽ തുടരുകയാണ്.
എന്താണ് സംഭവിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടില്ല. ഫാബിയാനയുടെ മുഖത്ത് ഉരഞ്ഞ പാടുകളും, ചർമത്തിനടിയിലെ രക്തസ്രാവം മൂലം ഉണ്ടാകുന്ന ചെറിയ പാടുകൾ അവളുടെ കണ്ണുകളിലും ഹൃദയത്തിലും ശ്വാസകോശത്തിലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മരണകാരണം വ്യക്തമാകാൻ മെഡിക്കൽ പരിശോധനയും നടത്തുന്നുണ്ട്.
‘ഞാൻ എന്റെ മകളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു, അവളുടെ മരണത്തിൽ ലോകം തന്നെ നഷ്ടപ്പെട്ടതായാണ് എനിക്കു തോന്നുന്നത്’ എന്നാണ് മകളുടെ സംസ്കാര ചടങ്ങുകൾക്ക് പണം ആവശ്യപ്പെട്ടുള്ള കുറിപ്പിൽ കുൽദീപ് സിങ് പറയുന്നുത്. ഫ്യൂനറൽ ഹോമും സെമിത്തേരിയും തനിക്ക് താങ്ങാവുന്നതിലധികം പണമാണ് ആവശ്യപ്പെടുന്നതെന്നും ഊബർ ഡ്രൈവറായ കുൽദീപ് പറയുന്നു. ഏകദേശം 18,000 ഡോളറാണ് സംസ്കാര ചടങ്ങുകൾക്ക് ആവശ്യമായി വേണ്ടത്.







