ഹൈദരാബാദ് ∙ ക്ഷേത്ര ജീവനക്കാരിയുടെ 30 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവും യുവതിയും പിടിയിൽ. തെലങ്കാനയിലെ ഹസ്തിനപുരത്തുള്ള 65 വയസ്സ് പ്രായമുള്ള വൃദ്ധയുടെ സ്വർണമാലയാണ് അന്നപു റെഡ്ഡി ദുർഗ രമണ റെഡ്ഡി (23), വരലക്ഷ്മി (24) എന്നിവർ ചേർന്ന് കവർന്നത്. ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട ഇരുവരെയും സിസിടിവി പരിശോധിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് നൽകുന്ന വിവരപ്രകാരം ആന്ധ്രാപ്രദേശിൽനിന്നുള്ള യുവാവും യുവതിയും ഒന്നരവർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാസമാണ് ഇരുവരും തൊഴിൽ തേടി ഹൈദരാബാദിലേക്ക് എത്തിയത്. ജോലി നേടുക, വിവാഹം കഴിക്കാൻ പണം സമ്പാദിക്കുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് ഇരുവരും എത്തിയത്. എന്നാൽ ഒരു മാസം അന്വേഷണം നടത്തിയിട്ടും ഇരുവർക്കും തൊഴിൽ കണ്ടെത്താൻ ആയില്ല. ഇതേതുടർന്നാണ് വിവാഹത്തിന് പണം കണ്ടെത്തുന്നതിനായി സ്വർണമാല മോഷ്ടിക്കാൻ ഇരുവരും പദ്ധതിയിട്ടത്. പ്രതികൾ മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരല്ലെന്നും പൊലീസ് പറഞ്ഞു.
ഒക്ടോബർ 18ന് രാവിലെ വെങ്കട രമണ കോളനിയിലെ രാജരാജേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരിയുടെ മാലയാണ് പ്രതികൾ മോഷ്ടിച്ചത്. വൃദ്ധയായ ജീവനക്കാരി ക്ഷേത്രം വൃത്തിയാക്കുന്നതിനിടെയാണ് അവരുടെ വായ ബലമായി പൊത്തിപ്പിടിച്ചശേഷം പ്രതികൾ മാല പൊട്ടിച്ചെടുത്തത്. തുടർന്ന് ഇരുവരും സ്കൂട്ടറിൽ രക്ഷപ്പെട്ടു. മോഷണം നടന്ന് മൂന്ന് ദിവസത്തിനു ശേഷമാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഒരു ജ്വല്ലറിക്കു സമീപത്തുവച്ചാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.






