‘എനിക്ക് പേടിയുണ്ട്’: ഡൽഹിയിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് ഗോവയിലേക്ക്; ആശങ്കകൾ തുറന്നുപറഞ്ഞ് യുവതി

Spread the love

വർഷങ്ങളോളം നീണ്ട കോർപറേറ്റ് ജോലി ഉപേക്ഷിച്ച് ഗോവയിലേക്ക് താമസം മാറുന്നത് കേൾക്കുമ്പോൾ പലർക്കും രസകരമായി തോന്നാം. എന്നാൽ, അതുവരെ ശീലിച്ചുകൊണ്ടിരുന്ന ജീവിതസാഹചര്യങ്ങളിൽ നിന്നെല്ലാം മാറി പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ പല ആശങ്കകളും ഉണ്ടാകാം…

 

ഇപ്പോൾ ഇതാ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം പണം, ജീവിതലക്ഷ്യം, താൻ എടുത്ത തീരുമാനം ശരിയായിരുന്നോ തുടങ്ങിയ ചോദ്യങ്ങളിലേക്ക് അർപിതാ സാഹു എന്ന യുവതിയെ എത്തിച്ചിരിക്കുകയാണ്. ജീവിതത്തിലുണ്ടായ വഴിത്തിരിവുകളെക്കുറിച്ച് അവർ പങ്കുവച്ച അനുഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

 

എംബിഎ പഠിച്ചതിനുശേഷം നാലര വർഷത്തോളം കോർപറേറ്റ് കമ്പനിയിൽ‍ എച്ചആർ ആയി ജോലി ചെയ്തിരുന്ന അർപിതാ ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് താമസം മാറിയതിന്റെ അനുഭവമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

 

ജോലി ഉപേക്ഷിച്ച് ഡൽഹിയിൽ നിന്ന് ഗോവയിലേക്ക്

 

ഒരുപാട് കാലം കോർപറേറ്റ് മേഖലയിൽ ജോലി ചെയ്തതിന് ശേഷം എങ്ങനെയാണ് അർപിത തന്റെ വേണ്ടപ്പെട്ട സാധനങ്ങളുമായി ഡൽഹി വിട്ടതെന്ന് വിഡിയോയിൽ പറയുന്നുണ്ട്.

 

‘എന്റെ ജീവിതം മുഴുവൻ ഞാൻ ഈ സ്യൂട്ട്‌കേസുകളിലാക്കിക്കൊണ്ട് ഡൽഹി വിട്ട് ഗോവയിലെത്തി. എംബിഎ പൂർത്തിയാക്കി, നാലര വർഷത്തോളം കഠിനാധ്വാനം ചെയ്തു, കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു, ഇപ്പോൾ ഞാൻ ഗോവയിലേക്ക് താമസം മാറുകയാണ്.’

 

തനിക്ക് ഇണങ്ങുന്ന ആളുകളെ കണ്ടെത്താനും സ്വന്തം വീടെന്ന് വിളിക്കാൻ കഴിയുന്ന ഒരിടം കണ്ടെത്താനുമുള്ള പ്രതീക്ഷയോടെയാണ് അർപിത ഈ മാറ്റത്തിന് ഇറങ്ങിത്തിരിച്ചത്. എന്നാൽ, താൻ എടുത്ത തീരുമാനങ്ങൾ ശരിയായിരുന്നോ എന്ന് സംശയിക്കുന്ന നിമിഷങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അവർ തുറന്നുപറഞ്ഞു.

 

ആശങ്കകൾ പങ്കുവച്ച് യുവതി

 

പുതിയ ജീവിതം തിരഞ്ഞുപോകുമ്പോഴും ആശങ്കകളും അർപിത പങ്കുവെക്കുന്നുണ്ട്. ഒരുപക്ഷേ ശരിയായ തീരുമാനമാണെന്ന് തോന്നുന്ന പലകാര്യങ്ങളും ചിലപ്പോൾ അനിശ്ചിതത്വവും സംശയങ്ങളും ഉണ്ടാക്കാമെന്ന് അവർ വിശദീകരിക്കുന്നു.

 

‘ഇത് പലരുടെയും സ്വപ്നമായിരിക്കാം. എന്നാൽ, ഇത്തരം മാറ്റത്തിനൊപ്പം ചില മോശം സംഭവങ്ങളുണ്ടാകുന്ന ദിവസങ്ങളും ഉണ്ടായേക്കാമെന്ന് പങ്കുവെക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അത്തരം ദിവസങ്ങളിൽ നമ്മൾ നമ്മുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യും. ശരിയായ തീരുമാനമാണോ എടുത്തതെന്ന് സംശയിക്കും,’ അവർ പറഞ്ഞു.

 

ജീവിതത്തിൽ ലക്ഷ്യവും ബന്ധങ്ങളും അന്വേഷിച്ചിറങ്ങുന്നവർക്കായി ഒരു സന്ദേശവും അർപിത പങ്കുവെക്കുന്നുണ്ട്. ‘എനിക്ക് ചേരുന്ന മനുഷ്യരെ ഇവിടെ കണ്ടെത്താനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുവരെ ഞാൻ തിരച്ചിൽ തുടരും. ജീവിതത്തിൽ തങ്ങളുടെ ലക്ഷ്യം തേടുന്നവരോടും തങ്ങൾക്ക് യോജിച്ച ഒരാളെ കണ്ടെത്താൻ ശ്രമിക്കുന്നവരോടും പറയാനുള്ളത്, ദയവായി തിരച്ചിൽ അവസാനിപ്പിക്കരുത്. ഓരോ പരാജയവും നമ്മൾ എത്തിച്ചേരേണ്ട ഇടത്തിലേക്കും നമ്മൾ കണ്ടുമുട്ടേണ്ട മനുഷ്യനിലേക്കും നമ്മെ കൂടുതൽ അടുപ്പിക്കും.’

 

സാമ്പത്തിക അനിശ്ചിതത്വം

 

പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ തന്റെ സമ്പാദ്യത്തെക്കുറിച്ചും അർപിതയ്ക്ക് ആശങ്കയുണ്ട്. ബാങ്ക് അക്കൗണ്ടിലുള്ള പണം അധികകാലം നിലനിൽക്കില്ലെന്ന തിരിച്ചറിവ് യുവതിയെ ആശങ്കയിലാക്കുന്നുണ്ട്.

 

‘എന്റെ ബാങ്ക് അക്കൗണ്ടിൽ ഒരു നിശ്ചിത തുക മാത്രമേയുള്ളൂ. അത് അധികകാലം നിലനിൽക്കില്ലെന്ന് എനിക്കറിയാം. എന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ആകെ താളം തെറ്റിയിരിക്കുകയാണ്,’ യുവതി പറഞ്ഞു.

 

പിന്തുണയുമായി സോഷ്യൽ മീഡിയ

 

അതേസമയം അർപിതയുടെ ഇൻസ്റ്റഗ്രാം വിഡിയോയ്ക്കു താഴെ കമന്റിൽ നിരവധി പേരാണ് പിന്തുണയും പ്രോത്സാഹനവുമായി രംഗത്തെത്തിയത്. ‘നല്ല കാര്യം. നിങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്താനും നിങ്ങളുമായി മനസ്സുകൊണ്ട് ഇണങ്ങുന്ന ആളുകളെ കണ്ടുമുട്ടാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഭാവിയിൽ സമാനമായ പദ്ധതികൾ എനിക്കുമുണ്ട്.’, ഒരാൾ കുറിച്ചു.

 

‘ഞാനും ജോലി ഉപേക്ഷിച്ച് ഒരു ലക്ഷ്യം തേടിയാണ് ഗോവയിലേക്ക് താമസം മാറിയത്’, മറ്റൊരാൾ കമന്റ് ചെയ്തു. മൂന്നാമതൊരാൾ അർപിതയെ ഗോവയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു, ‘ഗോവയെയും ഇവിടുത്തെ ആളുകളെയും നിങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങാൻ തയ്യാറായിക്കോളൂ. ഈ നാടിനെ നിങ്ങളുടെ സ്വന്തം വീടായി കാണുക. ബാക്കിയെല്ലാം ശരിയായിക്കൊള്ളും.’

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *