അബുദാബി∙ അവധിക്കാല യാത്ര കഴിഞ്ഞ് നാല് വയസ്സുള്ള മകളെ ഫിലിപ്പീൻസിൽ നിന്ന് യുഎഇയിൽ തിരിച്ച് എത്തിക്കാത്ത അമ്മയ്ക്ക് അബുദാബി കോടതി മൂന്ന് ലക്ഷം ദിർഹം പിഴ ചുമത്തി. കുട്ടി യുഎഇയിൽ തിരിച്ചെത്തിയാൽ ഈ പിഴ ഒഴിവാക്കപ്പെടുമെന്ന് കുട്ടിയുടെ പിതാവിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
കോടതി വിധി പ്രകാരം മകളെ നാട്ടിലെത്തിക്കാൻ അമ്മയ്ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലാവധിക്ക് ശേഷവും കുട്ടി വിദേശത്ത് തുടരുകയാണെങ്കിൽ സംയുക്ത കസ്റ്റഡി വ്യവസ്ഥ മാറ്റാനും ഏകപക്ഷീയമായ കസ്റ്റഡിക്കായി അപേക്ഷിക്കാനും പിതാവിന് അവസരമുണ്ടാകും.
കഴിഞ്ഞ വർഷം ജൂണിലാണ് അബുദാബി സിവിൽ ഫാമിലി കോടതി പിതാവിന് സന്ദർശനാനുമതി നൽകിയത്. തുടർന്ന് ഈ വർഷം ജൂലൈയിലെ മറ്റൊരു വിധി പ്രകാരം സന്ദർശന സമയം എട്ട് മണിക്കൂറായി നീട്ടി നൽകുകയും കുട്ടിയെ കേന്ദ്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഓഗസ്റ്റിൽ കോടതിയുടെ അനുമതിയോടെ മകളുമായി ഫിലിപ്പീൻസിലേക്ക് പോയ അമ്മ, നിശ്ചിത തീയതി കഴിഞ്ഞിട്ടും കുട്ടിയെ തിരിച്ചെത്തിച്ചില്ല. യുഎഇയിലെ സ്‌കൂളിൽ കുട്ടിയുടെ ഹാജറും മുടങ്ങി. മുൻപും സമിതി ഉത്തരവുകൾ ലംഘിച്ചതിന് ഈ വർഷം മേയിൽ കോടതി ഇതേ അമ്മയ്ക്ക് 80,000 ദിർഹം പിഴ ചുമത്തിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു.
കുട്ടിയെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കർശന നടപടിയെന്നും വിധി നടപ്പിലാക്കാൻ അമ്മയ്ക്ക് അപ്പീൽ നൽകാൻ 30 ദിവസത്തെ സമയം ഉണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ നീക്കം നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു.







