ദുബായ് ∙ ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചതിന്റെ സന്ദേശങ്ങൾ ഫോണിലെത്തിയപ്പോൾ ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഞെട്ടി. വർഷങ്ങളായി സ്വരുക്കൂട്ടിയ സമ്പാദ്യം അപ്പോഴേക്കും അക്കൗണ്ടിൽനിന്നു നഷ്ടപ്പെട്ടിരുന്നു. താൻ ഇടപാട് നടത്തുകയോ പണം പിൻവലിക്കാൻ അനുമതി നൽകുകയോ ചെയ്യാത്തതിനാൽ അവർ ദുബായ് പൊലീസിനെ സമീപിച്ചു. അന്വേഷണത്തിനൊടുവിൽ വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് ഉപയോഗിച്ചു ബാങ്ക് വിവരങ്ങൾ ചോർത്തി, പണം തട്ടിയ ആറംഗ സംഘത്തെ പിടികൂടി.
∙ പണം മാറ്റം ഡിജിറ്റൽ വോലറ്റുകളിലേക്ക്
ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ ബാങ്ക് വിവരങ്ങൾ ശേഖരിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് അനധികൃത ഇടപാടുകൾ നടത്തി തട്ടിയെടുത്ത പണം ഡിജിറ്റൽ വോലറ്റുകളിലേക്ക് മാറ്റിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പണം കൈമാറുന്നതിന് ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വോലറ്റുകളും സംഘം തുറന്നിരുന്നു.
ബാങ്ക് കാർഡ് വിവരങ്ങളിൽ ചിലതു മറ്റു തട്ടിപ്പുകാർക്കു പണത്തിനു വിൽക്കുകയും ചെയ്തിരുന്നു. പണം നഷ്ടപ്പെട്ടവരുടെ പരാതികളെത്തുടർന്നു ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. തുടർന്നാണ് 6 പേരെ പിടികൂടിയത്.
തട്ടിപ്പിന് ഇരയായവരുടെ ബാങ്ക് കാർഡുകളും നിയമവിരുദ്ധ ഇടപാടുകൾക്ക് ഉപയോഗിച്ചതായി സംശയിക്കുന്ന ചെക്ക്ബുക്കുകളും പരിശോധനയിൽ കണ്ടെടുത്തു. തട്ടിയെടുത്ത പണം സ്വീകരിക്കാൻ ടെലികോം കമ്പനിയുടെ ഡിജിറ്റൽ വോലറ്റ് സേവനങ്ങളും സംഘം ഉപയോഗിച്ചിരുന്നെന്നു പൊലീസ് അറിയിച്ചു.
∙ ഇടപാടുകളിൽ വേണം, ജാഗ്രത
ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ വെബ്സൈറ്റിന്റെ ആധികാരികത ഉറപ്പാക്കണമെന്നും വിശ്വസനീയമല്ലാത്ത വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ബാങ്ക് വിവരങ്ങളും മറ്റു സാമ്പത്തിക വിവരങ്ങളും പങ്കിടരുതെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.
∙ പരാതിപ്പെടാൻ
അക്കൗണ്ടിൽ പരിചയമില്ലാത്ത പണമിടപാടുകളോ തുക കുറയുന്നതായുള്ള സന്ദേശങ്ങളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ 901 നമ്പറിൽ റിപ്പോർട്ട് ചെയ്യണം. ദുബായ് പൊലീസിന്റെ വെബ്സൈറ്റിലോ സ്മാർട്ട് ആപ് വഴിയോ പരാതിപ്പെടാം.






