കൊച്ചി∙ ഗ്രൗണ്ടിൽ കാർ കയറ്റി നാലു വട്ടംവച്ചതേ ഓർമയുള്ളു, വാഹന ഉടമയ്ക്ക് പിഴ 57,212 രൂപ. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ വാഹനം കയറ്റി ഓടിച്ചയാൾക്കാണ് പിഴ. ഈ വർഷത്തെ കേരളോത്സവം നടത്തുന്നതിനായി സജ്ജീകരിച്ചിട്ടിരുന്ന ഗ്രൗണ്ടിലായിരുന്നു വാഹന ഉടമയുടെ പ്രകടനം. ഇതോടെ വാഹന ഉടമയ്ക്കെതിരെ പഞ്ചായത്ത് കടുത്ത നടപടിയും സ്വീകരിച്ചു. നാശനഷ്ടം പരിഹരിക്കുന്നതിനുള്ള തുകയും പിഴയും ഉൾപ്പെടെ 57,212 രൂപ 7 ദിവസത്തിനകം അടയ്ക്കണമെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറി വാഹന ഉടമയ്ക്ക് നോട്ടിസ് അയച്ചിരിക്കുകയാണ്.
പഞ്ചായത്തിന്റെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന കുരുക്കുന്നപുരം ഗ്രൗണ്ടിലാണ് കാറോടിച്ച് കയറ്റി ഗ്രൗണ്ട് ചെളിയാക്കുകയും ഉപയോഗശൂന്യമാക്കുകയും ചെയ്തെന്നു പരാതി ലഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചു. ഈ വർഷത്തെ കേരളോത്സവത്തിന്റെ ഭാഗമായി ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നതിനായി പഞ്ചായത്ത് സജ്ജീകരിച്ചിരുന്ന ഗ്രൗണ്ടിലാണ് വാഹനം ഓടിച്ചുകയറ്റിയത്. ഗ്രൗണ്ട് പൂർവ്വസ്ഥിതിയിലാക്കാൻ 47,212 രൂപ ചെലവ് വരുമെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ തയാറാക്കിയ എസ്റ്റിമേറ്റിൽ വ്യക്തമാക്കുന്നു. ഇതിനു പുറമേ പഞ്ചായത്ത് സ്ഥലത്ത് അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കിയതിന് 10,000 രൂപ പിഴയും ചേർത്താണ് ആകെ 57,212 രൂപ ചുമത്തിയിരിക്കുന്നത്.
നോട്ടിസ് കൈപ്പറ്റി ഏഴു ദിവസത്തിനകം തുക പഞ്ചായത്തിൽ അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും തുടർന്നുള്ള നിയമ നടപടികൾക്കായി കേസ് പൊലീസിനു കൈമാറുമെന്നും പഞ്ചായത്ത് സെക്രട്ടറി വാഹന ഉടമയ്ക്കു നൽകിയ നോട്ടിസിൽ മുന്നറിയിപ്പ് നൽകി. കാറുടമ വാഹനത്തിൽ ഗ്രൗണ്ടിൽ വട്ടംവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റാരോ ചിത്രീകരിച്ചതാണിത്. പഞ്ചായത്ത് അധികൃതർ ഗ്രൗണ്ട് മെച്ചപ്പെടുത്തിയെടുക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.






