കൊല്ലം∙ 12 വയസ്സുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് (12) ആണ് വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായത്. സ്കൂൾവിട്ട് തിരിച്ചെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ വീടുവിട്ടിറങ്ങുകയായിരുന്നു. മൂന്നാം ദിനവും കാണാമറയത്ത് തുടരുന്ന അബ്രഹാമിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ 3 വർഷത്തിലേറെയായി കുട്ടിയും കുടുംബവും കൊല്ലത്ത് ആണ് താമസിച്ചിരുന്നത്.
∙ വീട് വിടും മുൻപ് മുടിവെട്ടി
വീട്ടിൽ നിന്നു പുറപ്പെടും മുൻപ് അബ്രഹാം സ്വന്തമായി മുടി വെട്ടി രൂപമാറ്റം വരുത്തിയിരുന്നു. തന്നെ ആരും കണ്ടുപിടിക്കാതിരിക്കാൻ കരുതിക്കൂട്ടിയായിരിക്കാം ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നു. കൊല്ലത്തെ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അബ്രഹാം. വ്യാഴാഴ്ച വൈകിട്ട് സ്കൂൾ വിട്ടുവന്ന കുട്ടി, സൈക്കിളിൽ പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ വീടിനു സമീപത്തെ സിസിടിവികളിൽ നിന്നു ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു കണ്ടെത്തി.
∙ റെയിൽവേ സ്റ്റഷനിലെ ക്യാമറയിൽ അബ്രഹാം ‘ഇല്ല’
വീട്ടിൽ നിന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും റെയിൽവേ സ്റ്റേഷനിൽ കുട്ടി എത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. ക്യാമറകൾ പരിശോധിച്ചെങ്കിലും കുട്ടിയുടെ ദൃശ്യങ്ങൾ അതിലില്ലെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നു. കുട്ടി ട്രെയിനിൽ കയറി പോയിട്ടില്ലെന്ന് റെയിൽവേ പൊലീസ് ഉറപ്പിച്ചു പറയുന്നു. റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് സൈക്കിൾ കണ്ടെത്തിയതു മാത്രമാണ്, അബ്രഹാം റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടുണ്ടാകാം എന്നതിന്റെ തെളിവ്. ആർപിഎഫും കൊല്ലം ഈസ്റ്റ് പൊലീസും തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
∙ ‘വീട്ടിൽ പ്രശ്നങ്ങളില്ല, ടൂർ പോയപ്പോഴും ഹാപ്പി’
വീട്ടിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും സന്തോഷത്തിലാണ് കുടുംബം കഴിഞ്ഞിരുന്നതെന്നും കുട്ടിയുടെ പിതാവ് ബിരേന്ദർ മനോരമയോടു പറഞ്ഞു. ഏതാനും ആഴ്ചകൾക്കു മുൻപ് താനും കുടുംബവും സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിൽ യാത്ര പോയിരുന്നുവെന്നും അബ്രഹാമും വലിയ സന്തോഷത്തിലായിരുന്നുവെന്നും മകന് പ്രത്യേകിച്ചു വിഷമങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ബിരേന്ദർ പറഞ്ഞു. മകനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ബിരേന്ദർ.
∙ അബ്രഹാം പോയത് അമ്മയുടെ അടുത്തേക്ക്?
ഇക്കഴിഞ്ഞ ഏപ്രിലിൽ അബ്രഹാമിന്റെ അമ്മ ഇളയ കുട്ടിയുമായി കൊൽക്കത്തയിലേക്കു മടങ്ങിയിരുന്നു. ആരോഗ്യപ്രശ്നമുള്ളതിനാൽ ചികിത്സയ്ക്കു വേണ്ടിയാണ് അവർ സ്വദേശത്തേക്കു പോയത്. ചികിത്സ പൂർത്തിയാക്കി കേരളത്തിലേക്കു മടങ്ങാൻ പദ്ധതിയിട്ടാണ് പോയത്. അമ്മയെ പിരിഞ്ഞു നിൽക്കുന്നതിന്റെ വിഷമം അബ്രഹാമിനെ അലട്ടിയിരിക്കാമെന്നും അമ്മയുടെ അടുത്തേക്കു പോകുന്നതിനായി കുട്ടി ട്രെയിനിൽ കയറി പോയിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു. കൊല്ലം വഴി കൊൽക്കത്തയിലേക്കു പോകുന്ന ട്രെയിനുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാത്രിയോടെ കൊൽക്കത്തയിലെത്തുന്ന ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലും പരിശോധന നടത്തുമെന്ന് റെയിൽവേ അധികൃതരും പൊലീസും പറഞ്ഞു.






