കൊച്ചി∙ കൊല്ലം തുറമുഖം വഴി കാനഡയിലേക്ക് അനധികൃത കുടിയേറ്റത്തിനു ശ്രമിച്ച കേസിൽ 15 ശ്രീലങ്കൻ പൗരന്മാരെ 15 ദിവസത്തെ തടവിന് എൻഐഎ കോടതി ശിക്ഷിച്ചു. തമിഴ്നാട്ടിലെ വിവിധ ശ്രീലങ്കൻ അഭയാർഥി ക്യാംപുകളിലെ അന്തേവാസികളായിരുന്ന വി.പ്രസന്ന, പ്രശാന്ത്, ചന്ദ്രതാസൻ ശിവം, ദിനേശ് കുമാർ, മതിവർണൻ, നവനീതൻ, യു.പ്രകാശ് രാജ്, ക്വീൻസ് രാജ്, അജയ് മോഹൻ, യതൂസൻ ജ്ഞാനവേൽ, പ്രശാന്ത്, ശരവണൻ, പ്രകാശ് രാജ്, കമൽരാജ്, വിനോദ് രാജ് എന്നിവരെയാണു തടവിനും 5,000 രൂപ പിഴയടയ്ക്കാനും എൻഐഎ പ്രത്യേക കോടതി ജഡ്ജി ഹഫീസ് മുഹമ്മദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 15 ദിവസം കൂടി തടവ് അനുഭവിക്കണം.
അന്വേഷണ കാലത്തു ജയിലിൽ കഴിഞ്ഞ ദിവസങ്ങൾ ശിക്ഷയിൽ നിന്നു കുറയ്ക്കാം. വിദേശ പൗരന്മാരെ സംബന്ധിക്കുന്ന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണു ശിക്ഷ. പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. വിധിയുടെ പകർപ്പ് തിരുവനന്തപുരത്തെ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസർക്കു നൽകണം.
തമിഴ്നാട്ടിലെ പുഴൽ, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുര, തിരുനെൽവേലി എന്നിവിടങ്ങളിലെ ശ്രീലങ്കൻ അഭയാർഥി ക്യാംപുകളിൽ താമസിച്ചിരുന്ന പ്രതികൾ, അധികൃതരുടെ അനുമതിയില്ലാതെ പരിധി വിട്ട് യാത്ര ചെയ്യുകയും കാനഡയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുകയും ചെയ്തതായാണ് എൻഐഎ കേസ്. കൊല്ലം തുറമുഖം വഴി യാനത്തിൽ കടക്കാനുള്ള ശ്രമത്തിനിടെ 2022 സെപ്റ്റംബർ 6ന് ആണു പ്രതികൾ പൊലീസിന്റെ പിടിയിലായത്. ഡപ്യൂട്ടി ലീഗൽ അഡ്വൈസർ അർജുൻ അമ്പലപ്പറ്റ, സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ജയിംസ് കാരണത്ത്, പബ്ലിക് പ്രോസിക്യൂട്ടർ എസ്.ശ്രീനാഥ് എന്നിവർ എൻഐഎക്കു വേണ്ടി ഹാജരായി.





