രക്തംവാർന്നു കിടക്കുന്ന ഗിരിഷിനെ കണ്ട് അവൾ നിലവിളിച്ചോടി; കാമുകനുമായി ജീവിക്കാൻ പ്രതിശ്രുത വരനെ കൊന്നു

Spread the love

2003 നവംബർ 30 നായിരുന്നു 21കാരി ശുഭ ശങ്കരനാരായണന്റെയും 27കാരൻ ഗിരീഷിന്റെയും വിവാഹ നിശ്ചയം. അതു കഴിഞ്ഞ് മൂന്നാം ദിവസം രാത്രി രണ്ടുപേരും ഭക്ഷണം കഴിക്കാൻ പുറത്തുപോയി. അതിനുശേഷം ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിൽ സംസാരിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ഗിരീഷിനു നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം അയാളുടെ തലയ്ക്ക് ആഞ്ഞടിച്ചു. തലപൊട്ടി രക്തം വാർന്ന ഗിരീഷ് തൊട്ടടുത്ത ദിവസം മരിച്ചു. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന ചെറുപ്പക്കാരൻ, ശത്രുക്കളാരുമില്ല. പിന്നെയാരാണ് ഗിരീഷിനെ കൊലപ്പെടുത്തിയത്? എന്തായിരുന്നു കാരണം? ആ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള പൊലീസിന്റെ യാത്ര അവസാനിച്ചത് ഒരു വിഡിയോയിലായിരുന്നു; ഒരു വിവാഹ നിശ്ചയ വിഡിയോ.

 

പെട്ടെന്ന് ആക്രമണം, ഒന്നും ചെയ്യാനാകാതെ ശുഭ

 

ഡിസംബർ 3 2003.

‘‘നമുക്ക് പുറത്തുപോയി ഭക്ഷണം കഴിച്ചാലോ?’’ ശുഭയായിരുന്നു ഗിരീഷിനോ‌ട് അതു ചോദിച്ചത്. ഗിരീഷ് സമ്മതിച്ചു. സന്ധ്യയോടെ അവർ വീടുകളിൽനിന്നിറങ്ങി. ഗിരീഷ് ആദ്യം ശുഭയെ തന്റെ ഓഫിസിലേക്കാണ് കൊണ്ടുപോയത്. അവിടെയുള്ളവർക്ക് തന്റെ പ്രതിശ്രുത വധുവിനെ പരിചയപ്പെടുത്തി. പിന്നാലെ ഇരുവരും ഓൾഡ് എയർപോർട്ട് റോഡിലുള്ള ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. കുറച്ചു നേരം അവിടെ ചെലവഴിച്ച ശേഷം പുറത്തിറങ്ങി. അപ്പോഴാണ്, വിമാനം ലാൻഡ് ചെയ്യുന്നതു കാണാന്‍ തനിക്ക് ഇഷ്ടമാണെന്ന് ശുഭ ഗിരീഷിനോടു പറഞ്ഞത്. ഗിരീഷ് അവളുമായി ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിലുള്ള വിമാനത്താവളത്തിനരികിലെത്തി. അവിടെ വിമാനം ലാന്‍ഡ് ചെയ്യുന്നതും കണ്ട് ഇരുവരും സംസാരിച്ചിരുന്നു.

 

‌പെട്ടെന്നാണ് അവിടേക്ക് മൂന്നുപേർ ബൈക്കിലെത്തിയത്. ഗിരീഷിനു സമീപം വാഹനം നിർത്തി ബൈക്കിലിരുന്ന ഒരാൾ ഗിരീഷിനെ ആക്രമിച്ചു. തലയ്ക്കാണ് അടിയേറ്റത്. ബോധം നഷ്ടപ്പെട്ട് ഗിരീഷ് നിലത്തു വീണു. പിന്നെ ആ സംഘം ശുഭയ്ക്കു നേരേ നീങ്ങി. പക്ഷേ, മറ്റു വാഹനങ്ങൾ വന്നതോടെ അവർ പെട്ടെന്ന് ബൈക്കിൽ കടന്നു കളഞ്ഞു. നടന്നതെന്താണെന്ന് തിരിച്ചറിയാനാകാതെ നിലവിളിച്ചുകൊണ്ട് ശുഭ ഗിരീഷിനടുത്തുനിന്നു. തലയ്ക്ക് അടിയേറ്റ് രക്തം ഒഴുകുന്ന ഗിരീഷിനെ എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കുക എന്നതായിരുന്നു ശുഭയുടെ ലക്ഷ്യം. അവൾ വഴിയെ പോയ വാഹനങ്ങൾക്കെല്ലാം കൈ കാണിച്ചു. പക്ഷേ, ആരും നിർത്തിയില്ല. കുറച്ചു സമയത്തിനു ശേഷം ഒരു ദമ്പതികൾ വാഹനം നിർത്തി ശുഭയെയും ഗിരീഷിനെയും ആശുപത്രിയിലെത്തിച്ചു. പക്ഷേ, ഗിരീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. അടുത്ത ദിവസം ഗിരീഷ് മരിച്ചു.

 

ശുഭയുടെ ഭാവമാറ്റം ആശയക്കുഴപ്പമുണ്ടാക്കി

 

‘‘ഗിരീഷ് പാവം പയ്യനാണ്, അവന് ശത്രുക്കളാരുമില്ല.’’– അന്വേഷണത്തിലുടനീളം പൊലീസ് കേട്ടത് ഈ വാക്കുകളായിരുന്നു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും മാറി മാറി ചോദിച്ചെങ്കിലും മറിച്ചൊന്നും കണ്ടെത്താൻ പൊലീസിനായില്ല. പിന്നെ ആരാണ് ഗിരീഷിനെ ഇല്ലാതാക്കിയത്? ഈ ചോദ്യം പൊലീസിനെ വല്ലാതെ കുഴക്കി. വിവാഹനിശ്ചയം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് അയാൾ കൊല്ലപ്പെട്ടത്. അതോ‌ടെ അന്നത്തെ ദിവസത്തെപ്പറ്റിയും അന്വേഷണസംഘം കൂടുതലായി പരിശോധിച്ചു.

 

വിവാഹ നിശ്ചയ ദിനത്തിലെ വിഡിയോകളെല്ലാം പൊലീസ് സംഘടിപ്പിച്ചു. ആരെങ്കിലും സംശയാസ്പദമായ രീതിയിൽ അന്ന് എത്തിയിട്ടുണ്ടോ, അന്ന് എന്തെങ്കിലും സംഭവിച്ചോ എന്നറിയാനായിരുന്നു ശ്രമം. എന്നാൽ പലതവണ വിഡിയോ പരിശോധിച്ചിട്ടും സംശയാസ്പദമായ രീതിയിൽ ഒരാളെ പോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. എന്നാൽ വീണ്ടും വി‍ഡിയോ പരിശോധിച്ചപ്പോഴാണ് പൊലീസ് ഒരു കാര്യം ശ്രദ്ധിച്ചത്. ചടങ്ങിലുടനീളം ശുഭ അസ്വസ്ഥയായിരുന്നു. ഗിരീഷിനെ ഒഴിവാക്കാൻ അവൾ പലപ്പോഴും ശ്രമിച്ചതായും വിഡിയോയിൽ നിന്ന് വ്യക്തമായി. മോതിരം മാറുന്ന സമയത്ത് പോലും ശുഭ സന്തോഷവതിയായിരുന്നില്ല.

 

അതോടെ ശുഭയെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. പൊലീസിന്റെ പല ചോദ്യത്തിനും ശുഭ കൃത്യമായി മറുപടി പറഞ്ഞില്ല. പല ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറുകയും ചെയ്തു. അതോടെ ശുഭ എന്തോ മറയ്ക്കുന്നുണ്ടെന്ന് പൊലീസിന് ഉറപ്പായി. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ശുഭയുടെ മൊബൈൽ ഫോൺ പരിശോധിച്ചു. അപ്പോഴാണ്, ഗിരീഷ് മരിച്ച ദിവസം ഒരു നമ്പറിലേക്ക് ശുഭ 73 തവണ ഫോണ്‍ ചെയ്തെന്നു കണ്ടെത്തിയത്. അത് പൊലീസിനു സംശയമുണ്ടാക്കിയെങ്കിലും ശുഭയെ വിട്ടയച്ചു.

 

ശുഭയെപ്പറ്റി കൂടുതൽ അറിയാനായി പൊലീസ് അവർ പഠിക്കുന്ന ബിഎസ്എം ലോ കോളജിലെത്തി. സഹപാഠിയായ അരുൺ വർമയുമായി ശുഭ പ്രണയത്തിലാണെന്ന് മനസ്സിലാക്കിയ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന ദിവസം എവിടെയായിരുന്നു എന്ന ചോദ്യത്തിന്, താൻ നാട്ടിലുണ്ടായിരുന്നില്ലെന്നാണ് അരുൺ മറുപടി പറഞ്ഞത്. അരുൺ പറഞ്ഞ കഥ വിശ്വസിച്ചെന്ന മട്ടിൽ പൊലീസ് അയാളെ വിട്ടയച്ചു. പക്ഷേ, സ്റ്റേഷനിൽ നിന്നിറങ്ങിയ ഉടൻ അരുൺ ശുഭയെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു. ഈ സമയത്ത് പൊലീസ് അരുണിന്റെ ഫോൺ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. അതേസമയം, ഗിരീഷ് മരിച്ച ദിവസം അരുൺ എവിടെയായിരുന്നുവെന്നും പൊലീസ് അന്വേഷിച്ചു. കൊലപാതകം നടന്ന അതേ സ്ഥലത്തായിരുന്നു ആ സമയത്ത് അരുണിന്റെയും മൊബൈൽ ടവർ ലൊക്കേഷൻ. പിന്നാലെ അരുണിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ അരുണിനു പിടിച്ച് നിൽക്കാനായില്ല. അരുൺ സമ്മതിച്ചു– ഗിരീഷിനെ കൊന്നത് താൻ തന്നെ. എല്ലാം ചെയ്തത് ശുഭയ്ക്ക് വേണ്ടി. ശുഭയോടുള്ള സ്നേഹം കൊണ്ട്.

 

പ്രണയം, പിതാവ് എതിർത്തതോടെ മറ്റൊരാളുമായി വിവാഹം

 

ലോ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു ശുഭ. അരുൺ ഒന്നാം വർഷ വിദ്യാർഥിയും. അരുണും ശുഭയും തമ്മിൽ സ്നേഹത്തിലായിരുന്നു. എന്നാൽ ശുഭയുടെ അച്ഛൻ ഈ ബന്ധത്തെ എതിർത്തു. പ്രണയബന്ധത്തിൽനിന്നു പിന്മാറണമെന്നു പറഞ്ഞ് അരുണിനെ പല തവണ ഭീഷണിപ്പെടുത്തി. എന്നാൽ പ്രണയത്തിൽനിന്നു പിന്മാറാൻ ഇരുവരും തയാറായിരുന്നില്ല. മകളെ മറ്റൊരു വിവാഹം കഴിപ്പിക്കാമെന്ന് അച്ഛൻ കരുതി. ഒരു മൾട്ടി നാഷനൽ കമ്പനിയിലെ സോഫ്റ്റ് വെയർ ഡെവലപ്പറായിരുന്ന ഗിരീഷുമായാണ് വിവാഹം ഉറപ്പിച്ചത്. 2003 നവംബർ 30നായിരുന്നു വിവാഹനിശ്ചയം. വിവാഹം 2004 ഏപ്രിൽ 4ന് നടത്താമെന്നും തീരുമാനിച്ചു.

 

എന്നാൽ അരുണുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറാൻ ശുഭ തയാറായിരുന്നില്ല. വിവാഹനിശ്ചയം കഴിഞ്ഞതിനു തൊട്ടുപിന്നാലെ ശുഭ അരുണിന്റെ വീട്ടിലെത്തി. നമുക്ക് ഒരുമിച്ച് ജീവിക്കാമെന്നും അതിനായി ഗിരീഷിനെ ഇല്ലാതാക്കണമെന്നും ശുഭ അരുണിനോട് പറഞ്ഞു. ഗിരീഷിനെ ഇല്ലാതാക്കാൻ അവർ പദ്ധതി തയാറാക്കി. കൊല നടത്താൻ സഹായത്തിനായി അരുൺ തന്റെ ബന്ധു ദിനകരനെയും സുഹൃത്ത് വെങ്കിടേഷിനെയും ഒപ്പം കൂട്ടി. നാലുപേരും ചേർന്ന് ഗിരീഷിനെ ഇല്ലാതാക്കാൻ പദ്ധതി തയാറാക്കി.

 

ഡിസംബർ 3 2003, അതായത് ശുഭയുടേയും ഗിരീഷിന്റെയും വിവാഹം കഴിഞ്ഞ് മൂന്നാം നാളാണ് കൊലപാതകം നടത്താനായി ഇവർ തിരഞ്ഞെടുത്തത്. ഭക്ഷണം കഴിക്കാൻ പോകാമെന്ന് പറഞ്ഞ് ശുഭ ഗിരീഷിനെ വിളിച്ചുവരുത്തി. വീട്ടിൽനിന്ന് ഇറങ്ങിയതു മുതലുള്ള എല്ലാ കാര്യങ്ങളും ശുഭ കൃത്യമായി അരുണിനെ അറിയിച്ചു. ഭക്ഷണം കഴിച്ചതിനു ശേഷം ഇരുവരും വിമാനത്താവളത്തിനടുത്ത് ഔട്ടർ റിങ് റോഡിലെത്തി. അവിടേയ്ക്കാണ് പ്രതികൾ ബൈക്കിൽ എത്തിയത്. ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് വെങ്കിടേഷാണ് ഗിരീഷിന്റെ തലയ്ക്കടിച്ചത്.

 

കൊലപാതകം നടന്ന് 50 ദിവസത്തിനു ശേഷമാണ് പൊലീസ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തത്. 2010 മേയിൽ ഫാസ്റ്റ്ട്രാക്ക് കോടതി 4 പേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 2010ൽ കർണാടക ഹൈക്കോടതിയും 2025 ൽ സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *