ഓക്‌ലഹോമ∙ രണ്ടാനച്ഛനിൽ നിന്ന് ഗർഭിണിയായ 11 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മകൾക്ക് നേരെയുള്ള ലൈംഗിക പീഡനം തടയുന്നതിൽ വീഴ്ച വരുത്തി, വീട്ടിൽവച്ച് വൈദ്യസഹായമില്ലാതെ പ്രസവിക്കാൻ സാഹചര്യമൊരുക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് അമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓക്‌ലഹോമയിലെ മസ്കോഗി കൗണ്ടി സ്വദേശിനിയായ ഷെറി വാക്കറിനാണ് (34) കോടതി തുടർച്ചയായി അനുഭവിക്കേണ്ട ഏഴ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
2025 ഓഗസ്റ്റ് 16നാണ് 11 വയസ്സുകാരി കുടുംബവീട്ടിൽവച്ച് പ്രസവിച്ചത്. ഗർഭകാലത്ത് കുട്ടിക്ക് വൈദ്യപരിശോധനയോ ചികിത്സയോ ലഭിച്ചിരുന്നില്ല. പ്രസവശേഷം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു.
മകൾ ഗർഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ഷെറിയും ഭർത്താവ് ഡസ്റ്റിൻ വാക്കറും ആദ്യം അധികൃതരോട് പറഞ്ഞത്. സംഭവം അതീവ ഗുരുതരമാണെന്നും കുട്ടി കടുത്ത മാനസികാഘാതത്തിലൂടെയാണ് കടന്നുപോയതെന്നും മസ്കോഗി കൗണ്ടി അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോർണി ജാനറ്റ് ഹട്ട്സൺ അന്ന് പ്രതികരിച്ചിരുന്നു. ലൈംഗിക പീഡനത്തിന് ഇരയായതിനു പിന്നാലെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കേണ്ടിവന്നത് കുട്ടിയുടെ ജീവിതത്തിൽ ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവർ പറഞ്ഞു.
ഡിഎൻഎ പരിശോധനയിൽ ഷെറിയുടെ ഭർത്താവും കുട്ടിയുടെ രണ്ടാനച്ഛനുമായ ഡസ്റ്റിൻ വാക്കറാണ് കുഞ്ഞിന്റെ പിതാവെന്ന് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കുട്ടിയെ അവഗണിച്ചതിനും കേസെടുത്തു. മാർച്ചിൽ കുറ്റം സമ്മതിച്ച ഇയാൾക്ക് പിന്നീട് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു.
മകൾക്ക് നേരെ ഭർത്താവ് ലൈംഗികാതിക്രമം നടത്തുന്നത് ഷെറി അറിഞ്ഞിരുന്നുവെന്നും എന്നാൽ അത് തടയാൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. 2026 ജൂലൈ 17ന് ഏഴ് കുറ്റങ്ങളിലും ഷെറി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മുത്തശ്ശി മിഷേൽ ജസ്റ്റസിനെതിരെയും കേസെടുത്തിട്ടുണ്ട്. കുടുംബത്തിനുള്ളിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയാകുന്ന കാര്യം ഇവർക്ക് അറിയാമായിരുന്നിട്ടും തടയാൻ ശ്രമിച്ചില്ലെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.








