17കാരൻ കൊല്ലപ്പെട്ടതിൽ ട്വിസ്റ്റ്; പ്രകോപനമായത് ആ ചിത്രങ്ങൾ; കൊലപാതകം ‘കാമുകിമാരുടെ’ പേരിൽ

Spread the love

കഴക്കൂട്ടം (തിരുവനന്തപുരം) ∙ പ്ലസ് വൺ വിദ്യാർഥി എ.ഡി.അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ 3 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പതിനേഴുകാരനെയും പെൺസുഹൃത്തായ അനന്തയെയും (18) ഉമർ (21) എന്ന ഗുണ്ടയെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരൻ കേസിൽ ഒന്നാം പ്രതിയും ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്. പ്രണയപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.

 

പതിനേഴുകാരനാണ് അഭിരാമിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഉമറിനെയാണ് മൃതദേഹം മറവു ചെയ്യാൻ വിളിച്ചത്. അനന്തയുടെ ഫോൺ ഉപയോഗിച്ചാണ് അഭിരാമിനെ കൊലപാതകം നടന്ന പാങ്ങപ്പാറയിലേക്ക് വിളിച്ചു വരുത്തിയത്. അഭിരാമിന്റെ സുഹൃത്തിനെ കൊല്ലാനാണ് പതിനേഴുകാരൻ പദ്ധതിയിട്ടത്. അഭിരാമിനെ ഭീഷണിപ്പെടുത്തി സുഹൃത്തിന്റെ വിളിച്ചു വരുത്തുകയായിരുന്നു ലക്ഷ്യം. അഭിറാം വിളിച്ചിട്ടും സുഹൃത്തു വന്നില്ല. ഇതോടെയാണ് അഭിരാമിനെ കൊലപ്പെടുത്തിയത്.

∙ പൊലീസ് പറയുന്നതിങ്ങനെ:

 

മുൻ കാമുകിയുമായുള്ള തർക്കം കാരണമാണ് പതിനേഴുകാരൻ കൊലപാതകം ആസൂത്രണം ചെയ്തത്. പതിനേഴുകാരനും കാമുകിയും വേർപിരിഞ്ഞിരുന്നു. പതിനേഴുകാരൻ പിന്നീട് അഭിരാമിന്റെ സുഹൃത്തായ അനന്തയുമായി പ്രണയത്തിലായി. കഴക്കൂട്ടം ഗവ. ഐടിഐ വിദ്യാർഥിനിയാണ് അനന്ത. പഴയ കാമുകി തന്റെ പുതിയ കാമുകനുമായുള്ള ചിത്രം പതിനേഴുകാരന് അയച്ചതാണ് പ്രകോപനമായത്. ഇതോടെ, പുതിയ കാമുകനെ വക വരുത്താൻ തീരുമാനിച്ചു. അഭിരാമിന്റെ സുഹൃത്തായിരുന്നു കാമുകൻ. ഇയാൾ കാരണമാണ് കാമുകി തന്നിൽ‍നിന്ന് അകന്നതെന്നാണ് പതിനേഴുകാരൻ വിശ്വസിച്ചിരുന്നത്.

 

അഭിരാമിലൂടെ കാമുകനെ വിളിച്ചു വരുത്താനായിരുന്നു പദ്ധതി. അഭിരാമും അനന്തയുമായി പരിചയമുണ്ടായിരുന്നു. അഭിരാം അനന്തയ്ക്ക് സന്ദേശം അയച്ചിരുന്നത് പക വർധിപ്പിച്ചു. അന്തനയുടെ ഫോൺ പതിനേഴുകാരൻ 2 ദിവസം മുൻപ് വാങ്ങി. അനന്തയെന്ന പേരിൽ അഭിറാമിന് നിരന്തരം സന്ദേശം അയച്ചു. കാണാൻ പാങ്ങപ്പാറയിലേക്ക് വരാൻ നിർദേശിച്ചു. ഇതനുസരിച്ചാണ് അഭിരാം പാങ്ങപ്പാറയിലെത്തിയത്. വാക്കു തർക്കത്തിനിടെ അഭിരാം ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പതിനേഴുകാരൻ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം ബെൽറ്റ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാനായി പരിചയക്കാരനായ ഉമറിനെ വിളിച്ചുവരുത്തി.

∙ കുറ്റവാളികളെ കണ്ടെത്തിയതിങ്ങനെ

 

ഞായറാഴ്ച കാണാതായ അഭിരാമിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ശ്രീകാര്യം പാങ്ങപ്പാറ കമുകി‍ൻകോട് ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന് ഇന്നലെ വൈകിട്ടാണ് കണ്ടെത്തിയത്. പാങ്ങപ്പാറ ഭഗത്‌സിങ് നഗറിൽ പുതുവൽ പുത്തൻ വീട്ടിൽ മധുകുമാറിന്റെയും ധർമജയുടെയും മകനാണ്. നാലാഞ്ചിറയിലെ സ്കൂളിൽ പഠിക്കുന്ന അഭിരാം ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണു വീട്ടിൽനിന്നിറങ്ങിയത്. രാത്രി ഏഴോടെ വീട്ടിലേക്കു വിളിച്ച് ഉടൻ എത്തുമെന്നു പറഞ്ഞെങ്കിലും പിന്നീടു വിളിച്ചപ്പോൾ ഫോൺ ഓഫായിരുന്നു. ഫോണിൽ വിളിച്ചു കിട്ടാതായതോടെ ശ്രീകാര്യം പൊലീസിൽ പരാതി നൽകി.

 

കാണാതായ കേസ് അന്വേഷണത്തിനിടെയാണ് പെൺസുഹൃത്തും കൗമാരക്കാരനും കസ്റ്റഡിയിലായത്. അഭിരാം വീട്ടിൽനിന്നിറങ്ങുന്നതിനു മുൻപ് പെൺസുഹൃത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നു സന്ദേശം എത്തിയതായി പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലുള്ള കൗമാരക്കാരനൊപ്പം കാറിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സമ്മതിച്ചതും മൃതദേഹം ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തിയതും. അഭിരാമിന്റെ പോസ്റ്റ്മോർട്ടം ഇന്നു നടക്കും. അമ്മ വിദേശത്താണ്. അച്ഛൻ മധുകുമാർ ലോഡിങ് തൊഴിലാളിയാണ്. അഭിരാമിന് ഒരു സഹോദരിയുമുണ്ട്.

  • Related Posts

    ഡിപ്രഷൻ കാരണം ജീവിതം മടുത്തുവെന്ന് വിഡിയോ; ട്രെയിനിനു മുന്നിൽ ചാടി അധ്യാപകൻ ജീവനൊടുക്കി

    Spread the love

    Spread the loveതിരുവനന്തപുരം ∙ ഡിപ്രഷന്‍ കാരണം ജീവിതം മടുത്തുവെന്ന വിഡിയോ പങ്കുവച്ച ശേഷം അധ്യാപകന്‍ ജീവനൊടുക്കി. നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജോഷ്മിന്‍ (36) ആണു ചിറയിന്‍കീഴില്‍ ഇന്നലെ രാത്രി ട്രെയിന്‍ തട്ടി മരിച്ചത്. ചിറയിന്‍കീഴ് മഞ്ചാടിമൂട് റെയില്‍വേ ഗേറ്റിനു സമീപം…

    മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

    Spread the love

    Spread the loveഎറണാകുളം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കുമാറിനെയും കാസർഗോഡ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായ വി. സജിത്തിനേയുമാണ് സ്ഥലം മാറ്റിയത്. സുനിൽ കുമാറിനെ…

    Leave a Reply

    Your email address will not be published. Required fields are marked *