ബെംഗളൂരു: ബെംഗളൂരു ഇന്ദിരാനഗറിൽ പട്ടാപ്പകൽ യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മാല കവരാൻ ശ്രമം. ഡെലിവറി ചെയ്യാനെന്ന വ്യാജേന എത്തിയ യുവാവാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിൽ ഡെലിവറി എക്സിക്യൂട്ടീവായ പ്രഭുരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ കഴുത്തിൽ കത്തിവെച്ച് മാല കവരാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ മാലയിൽ മുറുകെപ്പിടിച്ച് യുവതി ചെറുത്തുനിന്നു. മാല വിട്ടുനൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്
സംഭവം കണ്ട് ആദ്യം നാട്ടുകാർ ഭയന്നെങ്കിലും പിന്നീട് കൂടുതൽ പേർ സ്ഥലത്തെത്തി പ്രതിയെ വളഞ്ഞു. തുടർന്ന് കൂട്ടായ ഇടപെടലിലൂടെ ഇയാളെ കീഴടക്കി. കത്തിയുൾപ്പെടെ പിടികൂടിയ പ്രതിയെ നാട്ടുകാർ പൊലീസിന് കൈമാറി. പൊലീസ് അറസ്റ്റ് ചെയ്ത പ്രഭുരാജിനെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.






