പാറശാല ∙ മാല പൊട്ടിച്ചശേഷം കടന്നുകളയാൻ ശ്രമിച്ച മോഷ്ടാവിന്റെ സ്കൂട്ടർ തോട്ടിലേക്കു തള്ളിയിട്ട സ്ത്രീ, നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ തടഞ്ഞുവച്ച് പൊലീസിലിലേൽപിച്ചു. മേലേക്കോണം കുഴിപ്പഴിഞ്ഞി വീട്ടിൽ പ്രസന്നകുമാരി (61) ആണ് മോഷ്ടാവിനെ കുടുക്കിയത്. ആറയൂർ ചാവല്ലൂർ പൊറ്റ കരിമൺവിള വീട്ടിൽ വിജയദാസിനെ (40) പൊലീസിനു കൈമാറി.
ഇന്നലെ ഉച്ചയ്ക്ക് പരശുവയ്ക്കൽ ആടുമൻകാട് ആടുവളർത്തൽ കേന്ദ്രത്തിനു സമീപത്തെ ഇടറോഡിലായിരുന്നു സംഭവം. വീട്ടിലേക്കു നടന്നുപോവുകയായിരുന്നു പ്രസന്നകുമാരി. സ്കൂട്ടർ നിർത്തിയശേഷം ഇവരുടെ അടുത്തേക്കെത്തിയ വിജയദാസ് മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പ്രസന്നകുമാരി സ്കൂട്ടർ തള്ളി തോട്ടിലിട്ടു. വാഹനം ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ചപ്പോഴേക്കും പ്രസന്നകുമാരിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ചേർന്നു മോഷ്ടാവിനെ തടഞ്ഞുവയ്ക്കുകയായിരുന്നു. പാറശാല പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.






