കൊല്‍ക്കത്ത: റീല്‍ ചിത്രീകരിക്കാനായി യുവാവിനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്ന പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ഒക്ടോബര്‍ 27നാണ് 18കാരനു നേരെ ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ സ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി ലെനിന്‍ നഗറിലെ കുളത്തിന് സമീപത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ബലമായി ഹെല്‍മറ്റ് ധരിപ്പിക്കുകയും കണ്ണുകള്‍ കെട്ടുകയും ചെയ്തു. ഇതിനിടെ യുവാവിനെ മര്‍ദിക്കുകയും ചെയ്തു. ഹെല്‍മറ്റ് ഊരിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ പെട്രോള്‍ കുടിപ്പിക്കാനും ശ്രമിച്ചു. യുവാവ് പെട്രോള്‍ കുടിക്കാന്‍ വിസമ്മതിച്ചതോടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജ് അറയില്‍നിന്ന് കുപ്പിയില്‍ പെട്രോള്‍ എടുത്ത് യുവാവിന്റെ ദേഹത്തേക്ക് ഒഴിക്കുന്നതും മറ്റൊരാള്‍ തീപ്പെട്ടിക്കൊള്ളി കത്തിച്ച് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. തീ പടര്‍ന്നതോടെ നിലവിളിച്ച് ഓടിയ യുവാവ് കത്തിക്കൊണ്ടിരുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. യുവാവിന്റെ നെഞ്ചിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, റീലിനുവേണ്ടിയാണ് ആക്രമണം നടത്തിയതെന്ന പൊലീസിന്റെ പ്രാഥമിക നിഗമനത്തിന് പുറമെ മറ്റൊരു ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 500 രൂപയുടെ സാമ്പത്തിക ഇടപാടാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുവാവിന്റെ കുടുംബം പറയുന്നത്. ആറുമാസം മുന്‍പ് പ്രതികളിലൊരാളില്‍നിന്ന് യുവാവ് 500 രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചുനല്‍കിയിട്ടും ഇതിന്റെ പേരില്‍ യുവാവിനെ പ്രതികള്‍ ഉപദ്രവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.







