പട്ന∙ നാലുലക്ഷം പേർക്ക് വിഭവസമൃദ്ധമായ വിരുന്ന്, വിദേശത്തുനിന്നെത്തിക്കുന്ന പൂക്കൾ, കുതിരപ്പന്തയ മത്സരം; ജയിക്കുന്നയാൾക്ക് മഹീന്ദ്ര ഥാർ… ബിഹാറിലെ മൊകാമ എംഎൽഎ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ കേട്ടാൽ ആരും അമ്പരന്നു പോകും. ലാഡ്മ ഗ്രാമത്തിൽ ഏക്കറുകണക്കിന് ഭൂമിയാണ് വിവാഹാഘോഷങ്ങൾക്കായി ഒരുങ്ങുന്നത്. രാഷ്ട്രീയ പ്രമുഖരും ചലച്ചിത്ര താരങ്ങളും ഗായകരുമടക്കം വൻ വിഐപി നിരയാണ് അതിഥികളായെത്തുന്നത്.
നവംബർ 25-നാണ് അനന്ത് സിങ്ങിന്റെ മകൾ ശിവാംഗി സിങ്ങും ഋഷികേശ് കുമാറും (അങ്കിത്) തമ്മിലുള്ള വിവാഹം. അന്നുതന്നെയാണ് അനന്തിന്റെ ഇളയ മകൻ അഭിനവിന്റെ ഉപനയനച്ചടങ്ങും നടക്കുന്നത്. വിവാഹപ്പന്തലുകൾ മോടിപിടിപ്പിക്കാൻ ഉത്തർപ്രദേശിലെ മൗവിൽ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് എത്തിയിരിക്കുന്നത്. കുതിരപ്പന്തയത്തിനായി പ്രത്യേക മൈതാനവും സജ്ജമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുതിരകൾ എത്തിച്ചേരും. കുതിരപ്പന്തയത്തിൽ ഒന്നാമതെത്തുന്നയാൾക്ക് മഹീന്ദ്ര ഥാറും രണ്ടാം സ്ഥാനത്തെത്തുന്നയാൾക്ക് ബൈക്കും സമ്മാനമായി നൽകുമെന്ന് സിങ് വ്യക്തമാക്കി. പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്ത് പടക്കങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അനന്ത് സിങ് പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെയെല്ലാം ക്ഷണിക്കും. കൂടാതെ ബോളിവുഡ് താരം സോനു സൂദ്, ഗായിക മൈഥിലി താക്കൂർ, എംപിയും ഗായകനുമായ മനോജ് തിവാരി, ഭോജ്പുരി താരം പവൻ സിങ്, നടി അക്ഷര സിങ് തുടങ്ങിയവരെയും വിവാഹത്തിന് ക്ഷണിക്കും. ഭോജ്പുരി, മഗഹി, മുംബൈ കലാകാരന്മാർ അണിനിരക്കുന്ന സ്റ്റേജ് ഷോകളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.







