മൂവാറ്റുപുഴ ∙ മൊബൈൽ ടവറിലെ കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷണം നടത്തിയയാൾ മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. അസം സ്വദേശി മാസും അഹമ്മദ് (20) നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മൂവാറ്റുപുഴ ശിവൻകുന്ന് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇൻടസ് ടവേഴ്സിന്റെ മൊബൈൽ ടവറിലെ ഷെൽട്ടർ റൂമിൽ അതിക്രമിച്ച് കയറി ഉദ്ദേശം 90,000 രൂപ വില വരുന്ന കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് കടത്തുകയായിരുന്നു.
മുമ്പും ഇയാൾ ടവറുകളിൽ നിന്ന് കോപ്പർ കേബിളുകൾ മോഷ്ടിച്ചിരുന്നു. ടവറുകളിൽ നിന്ന് കോപ്പർ കേബിളുകൾ മുറിച്ച് മോഷണം ചെയ്തു കൊണ്ടു പോകുന്നത് തടയാൻ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെയും സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിൻെറയും നിർദ്ദേശാനുസരണം രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.





