ബെംഗളൂരു∙ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയശേഷം ഹൃദയാഘാതമാണെന്നു വരുത്തിത്തീർത്ത് യുവതി. ഒരു മാസത്തോളം കുറ്റകൃത്യം മറച്ചുവച്ച യുവതിയെയും കാമുകനെയും ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. നാൽപത്തിയൊന്നുകാരനായ ഉപേന്ദ്രയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു ദൊഡ്ഡതൊഗൂരുവിൽ നടന്ന കൊലപാതകത്തിൽ ഉപേന്ദ്രയുടെ ഭാര്യ അനിത (36), കാമുകൻ തലസാനി മധുസൂധൻ റെഡ്ഡി(48) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപേന്ദ്രയും അനിതയും ഒന്നിച്ചു ജോലി ചെയ്തിരുന്നവരാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഒക്ടോബർ 12 നാണ് കൊല്ലപ്പെട്ട ഉപേന്ദ്രയുടെ സഹോദരൻ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ സംശയം തോന്നിയ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.
നവംബർ 5 ന് കേസുമായി ബന്ധപ്പെട്ട് മധുസൂദനൻ റെഡ്ഡിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ, ഉപേന്ദ്രയുടെ ഭാര്യ അനിതയും താനും തമ്മിൽ അടുപ്പത്തിലാണെന്ന് റെഡ്ഡി സമ്മതിച്ചു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഉപേന്ദ്ര ഇരുവർക്കും മുന്നറിയിപ്പു നൽകിയിരുന്നു. തങ്ങളുടെ ബന്ധത്തിനു തടസ്സമാകുമെന്നു കരുതി ഉപേന്ദ്രയെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചു. തുടർന്ന് ഒക്ടോബർ 12 ന് പുലർച്ചെ പ്രതികൾ ഉപേന്ദ്രയുടെ മൂക്കും വായയും പൊത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകം മറച്ചുവയ്ക്കാൻ, അദ്ദേഹം ശുചിമുറിൽ തെന്നി വീണെന്നും ഹൃദയാഘാതം മൂലം മരിച്ചെന്നും വരുത്തിത്തീർക്കുകയും ചെയ്തു. റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദൊഡ്ഡതൊഗൂരുവിലെ വീട്ടിൽനിന്ന് അനിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കൊലപാതകത്തിലെ പങ്ക് അനിതയും സമ്മതിച്ചു.
അനിതയെയും കാമുകനെയും കോടതിയിൽ ഹാജരാക്കി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.







