മീററ്റ്∙ രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു. സൗരഭ് തോമറിനാണ് (28) സ്വന്തം ഗ്രാമമായ ഗോപാൽപുർ ഖദാനയിൽ വച്ച് വെടിയേറ്റത്. അയൽക്കാരായ രണ്ടുപേരാണ് വെടിവച്ചത്. അപകട നില തരണം ചെയ്തു. സൗരഭും ഇരട്ടസഹോദരനായ വിനീതും (28) വീടിന് പുറത്ത് നിൽക്കുമ്പോൾ ധീരജ്, മോനു എന്നിവരുമായി തർക്കമുണ്ടായി.
കുടുംബത്തോട് വിരോധമുണ്ടായിരുന്ന പ്രതികൾ നാടൻ തോക്കും വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ വെടിവച്ചെങ്കിലും വെടിയുണ്ട അടുത്തുള്ള ചുവരിൽ തട്ടി സൗരഭിന്റെ തലയിൽ കൊള്ളുകയായിരുന്നു. വടികൊണ്ടുള്ള ആക്രമണത്തിൽ സഹോദരന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. 2021ലാണ് സൗരഭ് രാഷ്ട്രപതിയുടെ അംഗരക്ഷകനായി കുതിരപ്പട വിഭാഗത്തിൽ ചേർന്നത്.







