തിരുനെല്ലി: ലീസിനെടുത്ത ടിപ്പര്‍ ലോറി ഉടമയറിയാതെ കൈമാറ്റം ചെയ്ത സംഭവത്തില്‍ ഏകദേശം 2500 കിലോമീറ്ററോളം വ്യാപിച്ച അന്വേഷണത്തിനൊടുവില്‍ വാഹനം കണ്ടെത്തി തിരുനെല്ലി പോലീസ്. 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വാഹനം കേരളത്തിന് പുറത്തേക്ക് കടന്ന സാഹചര്യത്തില്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. വാഹനത്തിന്റെ സഞ്ചാരപാത കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍, ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍, ടോള്‍ ബൂത്തുകളിലെ വിവരങ്ങള്‍ എന്നിവ പോലീസ് പരിശോധിച്ചു. നിരവധി പേരില്‍നിന്ന് വിവരങ്ങളും ശേഖരിച്ചു. തിരുനെല്ലി സി.ഐ, എസ്.ഐ എന്നിവരുടെ നിര്‍ദേശപ്രകാരം സി.പി.ഒമാരായ എം.ആര്‍. ജിതിന്‍, ഇ.ജി. വിനായക് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
തമിഴ്‌നാട്ടിലെ സേലത്തുനിന്ന് ഏകദേശം 80 കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയുള്ള ഓമല്ലൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. വാഹനം പൊളിച്ചുവില്‍ക്കാനുള്ള സാധ്യത നിലനിന്നിരുന്ന സാഹചര്യത്തില്‍ സമയബന്ധിതമായ അന്വേഷണത്തിലൂടെയാണ് വാഹനം വീണ്ടെടുക്കാനായത്. രാപ്പകൽ ഭേദമില്ലാതെ ദിവസങ്ങളോളം സി.പി.ഒമാരായ.ആര്‍. ജിതിന്‍, ഇ.ജി. വിനായക് എന്നിവർ ചേർന്ന് നടത്തിയ കഠിനാധ്വാനമാണ് ലോറി ലഭിക്കാൻ കാരണമായതെന്ന് വാഹന ഉടമ അനൂപ് പറഞ്ഞു.
തൃശിലേരി സ്വദേശിയായ വാഹന ഉടമയുടെ പരാതിയില്‍ 2026 ഓഗസ്റ്റിലാണ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉടമയില്‍നിന്ന് ലീസിനെടുത്ത ടിപ്പര്‍ ലോറി കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് ജി.പി.എസ് സംവിധാനം കട്ട് ആക്കി പലരിലൂടെ കൈമാറ്റം ചെയ്യുകയായിരുന്നു.





