ന്യൂഡൽഹി ∙ പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സിംഗപ്പൂരിലെ പ്രമുഖ മൾട്ടിനാഷനൽ കമ്പനി ജീവനക്കാരനെ അയൽവാസി വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. ഹരിയാനയിലെ ഫരീദാബാദിൽ ഇക്കഴിഞ്ഞ 6 ന് രാത്രി നടന്ന അരുംകൊലയുടെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ പരംജിത് ധൻകറാണ് (42) വെടിയേറ്റു മരിച്ചത്. പ്രതിയായ മോനു ശർമ, പരംജിതിന് നേരെ 15, 16 റൗണ്ട് തുടരെ വെടിയുതിർക്കുന്നതും, രക്തത്തിൽ കുളിച്ച പരംജിതിനെ കണ്ട് ഭയന്നുവിറച്ച അദ്ദേഹത്തിന്റെ മകൻ ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സെക്ടർ 21 സിയിലെ ഒരേ അപ്പാർട്ട്‌മെന്റിലാണ് കൊല്ലപ്പെട്ട പരംജിതും പ്രതി മോനുവും താമസിച്ചിരുന്നത്. പരംജിത് ഒന്നാം നിലയിലും മോനു മൂന്നാം നിലയിലുമായിരുന്നു താമസം. പരംജിതിനെ പാർക്കിങ് പ്രശ്നം സംസാരിക്കാനെന്ന വ്യാജേന പ്രതി മോനു ശർമ പുറത്തേക്ക് വിളിച്ചിറക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഈ സമയം പരംജിതിന്റെ മകനും അവിടെയുണ്ടായിരുന്നു. ‘വിധവ’ എന്നാൽ എന്താണെന്ന് പരംജിതിന് അറിയാമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മോനു തർക്കം തുടങ്ങിയത്. തന്നെ മർദിക്കാൻ പരംജിത് മൂന്ന് ആളുകളെ ഏർപ്പാടാക്കിയെന്നും മോനു ആരോപിച്ചു. ഇതുകേട്ട് അമ്പരന്ന പരംജിത്, തനിക്ക് ഇതിൽ ഒരു പങ്കുമില്ലെന്ന് കൈകൂപ്പി പറയുന്നതും എന്താണ് പ്രശ്നമെന്ന് വ്യക്തമാക്കാൻ മോനുവിനോട് ആവർത്തിച്ച് അഭ്യർഥിക്കുന്നതും കാണാം.
എന്നാൽ, ടീഷർട്ടും ട്രൗസറും ധരിച്ചിരുന്ന മോനു പൊടുന്നനെ തന്റെ വലത് പോക്കറ്റിൽ നിന്ന് തോക്കെടുത്ത് പരംജിതിന് നേരെ തുടരെ വെടിയുതിർക്കുകയായിരുന്നു. വെറും അഞ്ച് സെക്കൻഡിനുള്ളിൽ നിരവധി തവണയാണ് ഇയാൾ വെടിവച്ചത്. മോനു തുടരെ നിറയൊഴിക്കുമ്പോൾ പരംജിത് രക്ഷപ്പെടാനായി പ്രാണഭയത്തോടെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.
ജീവൻ രക്ഷിക്കാൻ കെട്ടിടത്തിന് പുറത്തേക്ക് ഓടിയ പരംജിത് ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്നെത്തി. ചോരയൊഴുകുന്ന അവസ്ഥയിലും പരംജിത് പ്രതിയുടെ കോളറിൽ പിടിച്ചുവയ്‌ക്കാൻ ശ്രമിക്കുകയും ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടാവുകയും ചെയ്തു. ഇതിനിടെ, കെട്ടിടത്തിനുള്ളിൽ നിന്ന് ഒരു സ്ത്രീ സഹായത്തിനായി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിവരുന്നതും കാണാം.
മോനു ഓടിപ്പോകുമെന്നു കരുതിയ നിമിഷത്തിലാണ് വീണ്ടും ക്രൂരമായ സംഭവങ്ങൾ അരങ്ങേറിയത്. ഇയാൾ തോക്കിൽ വീണ്ടും തിരകൾ നിറച്ചു. തുടർന്ന് പരംജിതിന്റെ അടുത്തേക്ക് ചെന്നു നാല് തവണ കൂടി വെടിയുതിർത്ത ശേഷം, അസഭ്യവർഷം ചൊരിഞ്ഞുകൊണ്ട് അവിടെനിന്ന് നടന്നുപോയി. പരംജിതിന് നേരെ നിറയൊഴിക്കുന്നതിനിടെ ‘ദീപാവലി ആശംസകൾ’ എന്ന് ആക്രോശിച്ച ഇയാൾ, ‘എല്ലാവരെയും ഞാൻ കൊന്നൊടുക്കും, എല്ലാവരെയും തീർത്തിട്ടേ ഞാൻ പോകൂ’ എന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് സംഘങ്ങൾ നടത്തിയ ഊർജിതമായ തിരച്ചിലിൽ മണിക്കൂറുകൾക്കകം മോനു ശർമയെ അറസ്റ്റ് ചെയ്‌തെന്ന് സൂരജ്കുണ്ഡ് സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രഹ്ലാദ് കുമാർ അറിയിച്ചു.
കൊലപാതകം നടക്കുന്നതിന്റെ തലേദിവസമാണ്, അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പരംജിത് നാട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. പാർക്കിങ്ങിനെയും മറ്റു നിസ്സാര കാര്യങ്ങളെയും ചൊല്ലി ഇരുവരും തമ്മിൽ മുൻപും പ്രശ്നങ്ങൾ പതിവായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.






