ഉയർന്ന വിദ്യാഭ്യാസവും വലിയ തൊഴിൽപ്രതീക്ഷകളുമായി ഓരോ വർഷവും ആയിരക്കണക്കിന് യുവാക്കൾ പഠനം പൂർത്തിയാക്കി തൊഴിൽവിപണിയിലേക്ക് എത്തുമ്പോൾ, അവർക്കായി അനുയോജ്യമായ അവസരങ്ങൾ എത്രത്തോളമുണ്ടെന്ന ചോദ്യം വീണ്ടും ശക്തമാകുകയാണ്. രാജ്യത്തെ ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) കണക്കുകൾ പുറത്തുവന്നതോടെ കേരളത്തിലെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള ചർച്ചയും വീണ്ടും സജീവമായി. 15 മുതൽ 29 വയസ്സുവരെയുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിൽ കണക്കുകൾ ലഭ്യമായ സംസ്ഥാനങ്ങളിൽ കേരളമാണ് മുന്നിൽ. 28.9 ശതമാനമാണ് സംസ്ഥാനത്തെ യുവജന തൊഴിലില്ലായ്മ നിരക്ക്. അതേസമയം, രാജ്യത്തെ നഗരമേഖലകളിൽ ഈ പ്രായവിഭാഗത്തിലെ തൊഴിലില്ലായ്മ ജൂലൈ–സെപ്റ്റംബർ പാദത്തിൽ 18.9 ശതമാനമായി ഉയർന്നു. കഴിഞ്ഞ ആറു പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. മുൻ പാദത്തിൽ ഇത് 18.2 ശതമാനമായിരുന്നു. മറുവശത്ത്, ഗുജറാത്തിലാണ് യുവാക്കൾക്കിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്; 7.9 ശതമാനം.
നഗരങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ യുവതികളാണ് കൂടുതൽ തൊഴിൽപ്രതിസന്ധി നേരിടുന്നതെന്നും സർവേ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളിലെ യുവതികളുടെ തൊഴിലില്ലായ്മ നിരക്ക് മുൻ പാദത്തിലെ 25.2 ശതമാനത്തിൽനിന്ന് 26.1 ശതമാനമായി ഉയർന്നു. യുവാക്കൾക്കിടയിൽ ഇത് 16.5 ശതമാനമാണ്. എന്നാൽ രാജ്യത്തെ ഗ്രാമീണ-നഗര മേഖലകൾ ഒന്നിച്ചുള്ള യുവജന തൊഴിലില്ലായ്മ നിരക്കിൽ നേരിയ കുറവുണ്ടായി. മുൻ പാദത്തിലെ 15.9 ശതമാനത്തിൽനിന്ന് ഇത് 15.3 ശതമാനമായി താഴ്ന്നു. ഗ്രാമീണ മേഖലയിൽ യുവാക്കളുടെ തൊഴിലില്ലായ്മ 14.7 ശതമാനത്തിൽനിന്ന് 13.6 ശതമാനമായി കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. 15 വയസ്സിന് മുകളിലുള്ളവരുടെ മൊത്തം തൊഴിലില്ലായ്മ നിരക്കിലും കേരളം മുന്നിലാണ്. കണക്കുകൾ ലഭ്യമായ 20 പ്രധാന സംസ്ഥാനങ്ങളിൽ കേരളത്തിന്റെ നിരക്ക് 8.7 ശതമാനമാണ്. പഞ്ചാബും ആന്ധ്രപ്രദേശും 7.8 ശതമാനവുമായി തൊട്ടുപിന്നിലുണ്ട്. 2.8 ശതമാനം രേഖപ്പെടുത്തിയ കർണാടകയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഗുജറാത്ത് 3.2 ശതമാനവും പശ്ചിമ ബംഗാൾ 3.4 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
2025 ജനുവരിയിൽ പരിഷ്‌കരിച്ച കറന്റ് വീക്ക്ലി സ്റ്റാറ്റസ് (CWS) രീതിയിലാണ് പുതിയ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. സർവേയിൽ പരിഗണിക്കുന്ന ആഴ്ചയിലെ ഏതെങ്കിലും ഒരു ദിവസത്തിൽ ഒരു മണിക്കൂർ പോലും ജോലി ചെയ്യാതിരിക്കുകയും ജോലി അന്വേഷിക്കുകയോ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കുകയോ ചെയ്യുന്നവരെയാണ് ഈ രീതിയിൽ തൊഴിലില്ലാത്തവരായി കണക്കാക്കുന്നത്. അതിനാൽ കണക്കുകൾ വിലയിരുത്തുമ്പോൾ സർവേയുടെ രീതിയും പ്രായവിഭാഗവും മേഖലയും പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. ദേശീയതലത്തിൽ ഗ്രാമീണ യുവാക്കളുടെ തൊഴിലില്ലായ്മ കുറഞ്ഞപ്പോഴും നഗരങ്ങളിലെ നിരക്ക് ഉയർന്നത് തൊഴിൽവിപണിയിലെ അസമമായ സാഹചര്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കേരളത്തിൽ യുവാക്കൾക്കിടയിലെ ഉയർന്ന നിരക്കും സംസ്ഥാനത്തെ മൊത്തം തൊഴിലില്ലായ്മ നിരക്കും ഒരുപോലെ ശ്രദ്ധ നേടുമ്പോൾ, വിദ്യാഭ്യാസത്തിനും തൊഴിൽപ്രതീക്ഷകൾക്കും അനുസരിച്ചുള്ള അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും വീണ്ടും ചർച്ചയാകുകയാണ്. യുവാക്കളുടെ കഴിവുകൾക്ക് അനുയോജ്യമായ തൊഴിൽ ലഭ്യമാക്കാൻ കഴിയുമോ എന്നതാണ് ഇനി കേരളം നേരിടുന്ന പ്രധാന ചോദ്യം.







