കൊല്ലം∙ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സായ (26) വീട്ടിലെ പ്രശ്നങ്ങൾ പങ്കുവച്ചിരുന്നതായി അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തൽ. എന്താണ് പ്രശ്നമെന്നു പല തവണ ചോദിച്ചെങ്കിലും വ്യക്തമായി പറഞ്ഞില്ല. വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട് ഭർതൃവീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ് അഫ്സലുമായി വഴക്ക് ഉണ്ടായിരുന്നുവെന്നും സായ പറഞ്ഞിരുന്നതായി സുഹൃത്ത് മനോരമയോടു വെളിപ്പെടുത്തി. സായയ്ക്ക് മേൽ ഭർത്താവിന്റെ അമിത നിയന്ത്രണം ഉള്ളതായി അനുഭവപ്പെട്ടിരുന്നുവെന്നും ജോലി ലഭിച്ചിട്ടും അഫ്സൽ ജോലിക്കു പോകാൻ സമ്മതിച്ചിരുന്നില്ലെന്നും സായ പറഞ്ഞതായി സുഹൃത്ത് വെളിപ്പെടുത്തി. വേറെ ജോലി നോക്കി കൊച്ചിയിലേക്കു മാറാനായിരുന്നു സായയുടെ പദ്ധതിയെന്നും സുഹൃത്ത് പറഞ്ഞു. പുറത്തുനിന്നു നോക്കുമ്പോൾ എല്ലാം ഓക്കേയെന്നു തോന്നുമെന്നും എന്നാൽ കുറേ പ്രശ്നങ്ങളുണ്ടെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാൻ നോക്കുകയാണെന്നും പറയുന്ന സായയുടെ വാട്സാപ്പ് ചാറ്റും പുറത്തു വന്നിട്ടുണ്ട്.
ഇരവിപുരം ഭരണിക്കാവിൽ ഷാജി– റിഹാന ദമ്പതികളുടെ മകൾ സായയെ ഒക്ടോബർ 31ന് രാത്രിയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവദിവസം വൈകിട്ട് 4ന് വീട്ടിൽ ബഹളം നടന്നതായി അയൽവീട്ടുകാർ പറഞ്ഞു. സായയുടെ മുറിയിൽ നിന്നും ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണമെന്നും ഭർത്താവിനോടു സ്നേഹം മാത്രമേ ഉള്ളുവെന്നു കുറിപ്പിൽ പറയുന്നു.
മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സായയുടെ കുടുംബം ആരോപിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2023 ജനുവരി 15 നായിരുന്നു സായയുടെയും മാടൻനട സ്വദേശി അഫ്സലിന്റെയും വിവാഹം. പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം.







