കൊച്ചി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളപ്പാലത്ത് വീട്ടിൽ രാജേന്ദ്രനെ (54) എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശൂർ ഈസ്റ്റ് ഫോർട്ട് കേന്ദ്രമായി വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് (ഐസിസിഎസ്എൽ) സിഇഒയുടെ പരാതിയിന്മേലാണ് അറസ്റ്റ്. കോടതിയിൽ ഹാജരായക്കിയ രാജേന്ദ്രൻ വെള്ളപ്പാലത്തെ റിമാൻഡ് ചെയ്തു.
ഐസിസിഎസ്എലിന്റെ കോർപറേറ്റ് ഓഫിസിലെ സിഇഒയ്ക്ക് ഒക്ടോബർ 13 നാണ് തപാൽ വഴി ഇ.ഡിയുടെ പേരിലുള്ള കത്ത് ലഭിച്ചത്. ഡൽഹി ഓഫിസിലെ ഇ.ഡി അസി. ഡയറക്ടർ അരവിന്ദ് കുമാറിന്റെ പേരിലാണ് ഈ നോട്ടിസ് തയാറാക്കിയിരുന്നത്. സൊസൈറ്റിയുടെ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഓഡിറ്റ് രേഖകളും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു കത്ത്. പിഎംഎൽഎ നിയമത്തിന്റെ പേരിൽ തയാറാക്കിയ കത്തിൽ ഇ.ഡിയുടെ ഔദ്യോഗിക മുദ്രയും ഉദ്യോഗസ്ഥരുടെ പേരും ഒപ്പും ഉൾപ്പെടുത്തിയിരുന്നു. ബന്ധപ്പെടുന്നതിനായി രണ്ടു മൊബൈൽ നമ്പറുകളും നൽകിയിരുന്നു. ഇതിനിടെ, ഇ.ഡി കേസ് പരിഹരിച്ചു തരാമെന്ന തരത്തിൽ സൊസൈറ്റിയിൽ ഫോൺകോൾ എത്തിയതായും വിവരമുണ്ട്.
ഇതിനെ തുടർന്നു ലഭിച്ച കത്തിന്റെ ആധികാരികത പരിശോധിക്കാൻ കമ്പനി അധികൃതർ ഡൽഹിയിലെ ഇ.ഡി ഓഫിസുമായി നേരിട്ടു ബന്ധപ്പെട്ടപ്പോഴാണ് ഈ കത്ത് വ്യാജമാണെന്നും ഇത്തരമൊരു കത്ത് അയച്ചിട്ടില്ലെന്നും വ്യക്തമാകുന്നത്. തുടർന്ന് തങ്ങൾക്ക് ഓഫിസുള്ള അങ്കമാലിയിലെ പൊലീസ് സ്റ്റേഷനിലും ഡിജിപിക്കും സൊസൈറ്റി പരാതി നൽകി. കേസിന്റെ അന്വേഷണം പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരിൽ പ്രതികൾ സൊസൈറ്റി ചെയർമാനെ ബന്ധപ്പെടുകയും നെടുമ്പാശേരിയിലെ ഒരു പഞ്ചനഷക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തത്.
ഹോട്ടലിലെത്തിയ ചെയർമാനെ മാത്രം മുറിയിലേക്ക് കൊണ്ടുപോയി ഫോണുകൾ മാറ്റിവയ്പ്പിച്ച ശേഷമാണ് രാജേന്ദ്രൻ സംസാരിച്ചത് എന്നാണ് വിവരം. സൊസൈറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ അഞ്ചോ ആറോ പേജുള്ള രേഖകൾ കാണിച്ചുവെന്നും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടവരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും രാജേന്ദ്രൻ അവകാശപ്പെട്ടെന്ന് പരാതിയിൽ പറയുന്നു. വിഷയം ഒത്തുതീർപ്പാക്കാൻ ആദ്യം 5 കോടി രൂപയും പിന്നീട് വൻ തുകയും ആവശ്യപ്പെട്ടെന്നും കൂടാതെ ഇയാളുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ–ഐടി സ്ഥാപനങ്ങളിലും മറ്റ് രണ്ടു കമ്പനികളിലും വൻതുക നിക്ഷേപിക്കണമെന്നും ട്രസ്റ്റിന്റെ ഫണ്ടിലേക്ക് വലിയൊരു തുക നൽകണമെന്നും ആവശ്യപ്പെട്ടെന്ന് പരാതിയിൽ പറയുന്നു.
,ഇ.ഡിയുടെ പേരിൽ വന്ന വ്യാജ നോട്ടിസ് രാജേന്ദ്രൻ തന്റെ ഫോണിൽ കാണിച്ചതോടെയാണ് തട്ടിപ്പിനു പിന്നിൽ ഇയാളാണെന്ന് വ്യക്തമായത്. ഇതോടെ സൊസൈറ്റി അധികൃതർ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇത് ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. തുടർന്ന് നെടുമ്പാശേരി പൊലീസ് രാജേന്ദ്രനെ കസ്റ്റഡിയിലെടുക്കുകയും ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബംഗളൂരുവിലെ വ്യവസായിയായ ജിജിത് എന്ന സുഹൃത്ത് വാട്‌സാപ്പിൽ അയച്ചുതന്ന സന്ദേശമാണ് ഇതെന്നും സഹായിക്കാൻ വേണ്ടിയാണ് താൻ ഇടപെട്ടതെന്നുമാണ് രാജേന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് അറിയുന്നത്. വ്യാജ രേഖകൾ ചമച്ച് കേന്ദ്ര ഏജൻസികളുടെ പേരിൽ നടത്തിയ തട്ടിപ്പായതിനാൽ സംഭവം ഇ.ഡിയുടെ ഇന്റലിജൻസ് വിഭാഗവും പരിശോധിക്കുന്നുണ്ട്. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും മറ്റ് നിരവധി കമ്പനികളിൽനിന്ന് സമാനമായി തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ എന്ന നിലയിൽ ഒട്ടേറെ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് രാജേന്ദ്രൻ വെള്ളപ്പാലത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന്റെ ഘടകകക്ഷി എന്ന നിലയിലും ഇയാൾ അവകാശവാദം ഉന്നയിച്ചിരുന്നു. വ്യവസായി എന്ന നിലയില്‍ പ്രവാസ ലോകത്തും ഏറെ അറിയപ്പെടുന്ന ആളാണ് രാജേന്ദ്രൻ.






