വാഷിങ്‌ടൻ∙ അമേരിക്കയിലെ വാഷിങ്‌ടൻ ഡിസിയിൽ ലോഗൻ സർക്കിൾ പ്രദേശത്തെ ഒരു ജിമ്മിലുണ്ടായ ദാരുണമായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എമർജൻസി ഫിസിഷ്യനും ഹെൽത്ത് കെയർ എക്സിക്യൂട്ടീവുമായ ഡോ. മാറ്റ് ലാംബേർട്ട് ആണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
54 വയസ്സുകാരനായ മുൻ എമർജൻസി റൂം ഫിസിഷ്യൻ ഡോ. മാറ്റ് ലാംബേർട്ട് വാഷിങ്‌ടൻ ഡിസിയിലെ ലോഗൻ സർക്കിളിലുള്ള ‘വിഡ ഫിറ്റ്നസ്’ ജിമ്മിലും പരിസരത്തുമാണ് ഈ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ കെട്ടിട മാനേജരായ ജെയിംസ് സ്റ്റുവർട്ട് (46) സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. പരുക്കേറ്റ നാല് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം സമീപത്തെ അപ്പാർട്ട്മെന്റിൽ ബാരിക്കേഡ് തീർത്ത് ഒളിച്ച പ്രതി പിന്നീട് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയാണുണ്ടായത്.
പ്രതിയായ ഡോ. മാറ്റ് ലാംബേർട്ടും ഡൊമിനിയൻ കോണ്ടോമിനിയം അസോസിയേഷനും തമ്മിൽ മാസങ്ങളായി രൂക്ഷമായ നിയമപോരാട്ടത്തിലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. താൻ താമസിച്ചിരുന്ന ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന പെന്റ്‌ഹൗസ് അപ്പാർട്ട്മെന്റിലുണ്ടായ കനത്ത ചോർച്ചയും ഭിന്നതകളും കാരണം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ഇദ്ദേഹം.
വീടിനുള്ളിൽ പടർന്ന കറുത്ത പൂപ്പൽ കാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും, ഇത് തന്റെ വിരമിക്കൽ സമ്പാദ്യങ്ങളെ പോലും ബാധിച്ചതായും ഡോക്ടർ മുൻപ് പരാതിപ്പെട്ടിരുന്നു. കെട്ടിട മാനേജ്‌മെന്റുമായുള്ള ഈ വ്യക്തിപരമായ പകയും കടുത്ത മാനസിക നിരാശയുമാണ് ഒടുവിൽ ഒരു കൂട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
വെളുപ്പിന് 8 മണിയോടെ ജിമ്മിൽ ആളുകൾ വ്യായാമം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടത്. ആദ്യം ഏതെങ്കിലും ഉപകരണങ്ങൾ വീണതാണെന്നാണ് ജിമ്മിലുണ്ടായിരുന്നവർ കരുതിയതെങ്കിലും, രക്തം ഒഴുകുന്നത് കണ്ടതോടെ ആളുകൾ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. വൈറ്റ് ഹൗസിൽ നിന്നും വെറും ഒരു മൈൽ മാത്രം അകലെ നടന്ന ഈ ആക്രമണം അമേരിക്കൻ തലസ്ഥാന നഗരിയെ ഒരേസമയം ഞെട്ടലിലും ഭയത്തിലുമാണ് ആഴ്ത്തിയിരിക്കുന്നത്. സംഭവസ്ഥലത്ത് എഫ്ബിഐ അടക്കമുള്ള ഏജൻസികൾ എത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.







