പാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി വിവരം ലഭിച്ചതിനെതുടർന്നാണ് തൃശൂർ പൊലീസ് ഒറ്റപ്പാലത്തെത്തി ഇയാളെ പിടികൂടിയത്. നാലു മാസമായി തൃക്കങ്ങോട്ടെ കടയിൽ ജോലി ചെയ്യുകയായിരുന്നു യുവാവ്.
ബിഷ്ണോയ് സംഘവുമായി ഇയാൾക്ക് എന്താണ് ബന്ധമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളുടെ സഹായവും തേടി. തമിഴ്നാടാണ് സ്വദേശമെങ്കിലും ഇയാളുടെ നിലവിലെ വിലാസം നവി മുംൈബയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിധ്വംസക സംഘങ്ങളുമായി ഗുരുമൂർത്തിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഗുരുമൂർത്തി ജോലി ചെയ്തിരുന്ന തൃക്കങ്ങോട്ടെ സ്ഥാപനത്തിൽ പൊലീസ് എത്തി വിശദമായ അന്വേഷണം നടത്തി.
കേസിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടന്ന രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥാപന ഉടമയ്ക്ക് നൽകിയ നോട്ടിസിൽ പറയുന്നു. തൃശൂർ എസിപി ടി.ആർ.രാജേഷും സംഘവുമാണ് ഇയാളെ പിടികൂടിയത്. മാസങ്ങളായി ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലുമായി വിവിധ സ്ഥാപനങ്ങളിൽ ഗുരുമൂർത്തി ജോലി ചെയ്യുന്നുണ്ട്.





